ആലുവ: സ്ത്രീധന പീഡനത്തില്‍ പരുക്കേറ്റ് കാര്‍മ്മല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് സന്ദര്‍ശിച്ചു. സ്ഥലം എംഎല്‍എ അന്‍വര്‍ സാദത്തിനൊപ്പമാണ് പ്രതിപക്ഷ നേതാവ് ആശുപത്രിയില്‍ എത്തിയത്. ദൗര്‍ഭാഗ്യകരമായ ഈ സംഭവത്തെ കുറിച്ച് വിവരം ലഭിച്ചിട്ടും മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നതു വരെ പോലീസ് ഇടപെടാതിരുന്നത് കുറ്റകരമായ അനാസ്ഥയാണെന്നും ഇത് പ്രതിയെ രക്ഷപെടുന്നതിനു സഹായകമായെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.
സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് ഇത്രയേറെ സംസാരിക്കുന്ന ഈ കാലത്തും ആഭ്യന്തര വകുപ്പും സര്‍ക്കാരും ഇക്കാര്യത്തില്‍ ഗുരുതരമായ അലംഭാവമാണ് കാട്ടുന്നത്. സംഭവത്തില്‍ ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം. സ്ത്രീ സുരക്ഷയെ കുറിച്ച് എപ്പോഴും വാചാലനാകുന്ന മുഖ്യമന്ത്രി അദ്ദേഹത്തിന്റെ വകുപ്പിന് താഴെ നടക്കുന്നത് പോലും അറിയാത്തത് അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം ‘മകള്‍ക്കൊപ്പം’ എന്ന പേരില്‍ സ്ത്രീധന വിരുദ്ധ ക്യാംപയിന് പ്രതിക്ഷ നേതാവ് തുടക്കം കുറിച്ചിരുന്നു. കേരളത്തിന്റെ പൊതു സമൂഹവും മാധ്യമങ്ങളും ആവേശത്തോടെയാണ് ഈ ക്യാംപയിന് ഏറ്റെടുത്തത്. കക്ഷി രാഷ്ട്രീയ ഭേദമന്യേ കേരളത്തിലെ വിദ്യാര്‍ത്ഥി യുവജന സംഘടനകളും സാംസ്കാരിക സംഘടനകളും ക്യാമ്പയിന് ഏറ്റെടുക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.


