സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ കോല്‍ക്കളി വേദിയില്‍ തെന്നിവീണ് മത്സരാര്‍ത്ഥിക്ക് പരുക്കേറ്റിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ മത്സരം പുനരാരംഭിച്ചു. കാര്‍പെറ്റ് ഇളകി മത്സരാര്‍ത്ഥി തെന്നി വീണതിനാല്‍ മത്സരം നിര്‍ത്തിവച്ചിരുന്നു. കൈയ്ക്ക് പരുക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിഷേധത്തിന് പിന്നാലെ അഞ്ചാം വേദിയിലെ കാര്‍പെറ്റ് പൂര്‍ണമായി മാറ്റി.
കാര്‍പെറ്റില്‍ തട്ടിവീണ് വിദ്യാര്‍ത്ഥിയുടെ കാലിനും കൈക്കുമാണ് പരിക്കേറ്റത്. മത്സരം ആരംഭിച്ചപ്പോള്‍ തന്നെ ചെറിയ പ്രശ്നങ്ങള്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. കൃത്യമായി പരിഹാരം കണ്ടില്ലെന്നാണ് പറയുന്നത്. എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ സബ്ജില്ലയില് നിന്നുള്ള വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്. വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും വേദിക്ക് പുറത്ത് പ്രതിഷേധിച്ചു.


