കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെ ഡല്‍ഹി ചലോ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി കര്‍ഷക സംഘടനകള്‍. വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷക സംഘടനകളുമായി സംയുക്ത സമര സമിതി ചര്‍ച്ച നടത്തുകയാണ്. ഡല്‍ഹി ചലോ പ്രക്ഷോഭം ഏഴാം ദിവസത്തിലേക്ക് കടന്നതോടെ രാജ്യ തലസ്ഥാനം സ്തംഭിച്ചിരിക്കുകയാണ്.
ഡല്‍ഹി ചലോ മാര്‍ച്ചിന് പിന്തുണ ഏറിയതോടെ കൂടുതല്‍ കര്‍ഷകര്‍ രാജ്യതലസ്ഥാനത്തിന്റെ അതിര്‍ത്തി ലക്ഷ്യമാക്കി നീങ്ങുകയാണ്. നിയമങ്ങളിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാമെന്നതടക്കം കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ തള്ളിയ കര്‍ഷക സംഘടനകള്‍ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്ക്കു കയാണ്.
ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കിടെ കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിന്റെ ചായ സല്‍ക്കാരം നിരസിച്ച കര്‍ഷക സംഘടനാ നേതാക്കള്‍ മന്ത്രിയെ സിംഘുവിലേക്ക് ക്ഷണിച്ചു. അവിടെ ചായയും ജിലേബിയും കഴിച്ച് പ്രശ്നങ്ങള്‍ ഹൃദയം തുറന്ന് ചര്‍ച്ച ചെയ്യാമെന്ന് കര്‍ഷക നേതാക്കള്‍ മന്ത്രിക്ക് മറുപടി നല്‍കിയത് വിജ്ഞാന് ഭവനില്‍ നടന്ന ഉന്നതതല യോഗത്തില്‍ ചിരി പടര്‍ത്തി. നാളെ നാലാംഘട്ട ചര്‍ച്ചകള്‍ നടക്കാനിരിക്കെ വിവിധ സംഘടനകളുമായി സംയുക്ത സമര സമിതി ഭാവി പരിപാടികള്‍ ആലോചിക്കുകയാണ്.
കൂടുതല്‍ കര്‍ഷകരെ ഇറക്കി ഡല്‍ഹിയുടെ മറ്റ് അതിര്‍ത്തികള്‍ കൂടി ഉപരോധിക്കുന്ന കാര്യവും ആലോചനയിലുണ്ട്. അതേസമയം, നിയമത്തിലെ വ്യവസ്ഥകളോടുള്ള വിയോജിപ്പുകള്‍ അക്കമിട്ട് എഴുതി നല്‍കുമെന്ന് കേദ്രമന്ത്രിമാരുമായുള്ള പ്രത്യേക യോഗത്തിന് ശേഷം യുപിയില്‍ നിന്നുള്ള ഭാരതീയ കിസാന്‍ യൂണിയന് അറിയിച്ചു.


