കോണ്‍ഗ്രസിലെ സമീപകാല സംഭവങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് മുസ്ലിംലീഗ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇടഞ്ഞു നില്‍ക്കുകയാണ്. ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളൊന്നും കോണ്‍ഗ്രസ് നേതൃത്വം സ്വീകരിക്കുന്നില്ലെന്ന ആശങ്ക മുസ്ലിം ലീഗ് രേഖപ്പെടുത്തി. കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തിരമായി മുന്‍ഗണന നല്‍കുക. ഒറ്റകെട്ടായി നേതൃത്വം മുന്നോട്ട് പോകണമെന്നും മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.
മലപ്പുറം മഞ്ചേരിയില്‍ നടക്കുന്ന മുസ്ലീം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് കോണ്‍ഗ്രസിന് വിമര്‍ശനം. നിയമസഭ തിരഞ്ഞെടുപ്പില്‍ ലീഗിനു സംഭവിച്ചത് കനത്ത തോല്‍വിയെന്നും വിലയിരുത്തല്‍. 12 മണ്ഡലങ്ങളില്‍ ലീഗിനുണ്ടായ തോല്‍വി പരിശോധിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരികരിക്കും. തിരഞ്ഞെടുപ്പിനു ശേഷം നടക്കുന്ന ആദ്യ പ്രവര്‍ത്തക സമിതിയില്‍ ലീഗിന്റെ ക്ഷീണവും ഹരിതയുമെല്ലാം ചര്‍ച്ചയാവുന്നുണ്ട്.
നിലവിലെ സാഹചര്യത്തില്‍ നിന്ന് മുസ്ലീം ലീഗിന് കരകയറാന്‍ കഴിയുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും കോണ്‍ഗ്രസിന്റെ കാര്യത്തിലാണ് ലീഗിന് സംശയം. അടുത്തിടെയുണ്ടായ ന്യൂനപക്ഷ വിവാദങ്ങളിലെല്ലാം അഴകൊഴമ്പന്‍ സമീപനമാണ് കോണ്‍ഗ്രസിന്റേത് എന്ന നിലപാടാണ് മുസ്ലീം ലീഗിന്. പാലാ ബിഷപ്പിന്റെ പ്രസ്താവനയിലും സംവരണ വിഷയത്തിലുമെല്ലാം കോണ്‍ഗ്രസിന്റെ ആശയക്കുഴപ്പം പ്രകടമായിരുന്നു. കോണ്‍ഗ്രസില്‍ ഐക്യമില്ലെങ്കില്‍ അതു ബാധിക്കുക യു.ഡി.എഫിനെ ആകെയാണന്നും ലീഗ് നേതൃയോഗം വിലയിരുത്തുന്നു.
വനിതകള്‍ക്കും യുവാക്കള്‍ക്കും മുസ്ലീം ലീഗില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്ന അഭിപ്രായമുയര്‍ന്നു. ഹരിത വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ വനിതകളെ പാര്‍ട്ടി നേതൃത്വത്തിന്റെ ഭാഗമാക്കാനുള്ള തീരുമാനത്തിന് പ്രാധാന്യമുണ്ട്. എല്ലാ പോഷക സംഘടനാ പ്രതിനിധികളേയും മുസ്ലീം ലീഗ് കമ്മിറ്റികളിലും ഉള്‍ക്കൊള്ളിക്കണമെന്ന നിര്‍ദേശവുമുണ്ട്.
താഴെ തട്ടു മുതല്‍ ചെറുപ്പക്കാരെ കമ്മിറ്റികളിലേക്ക് ഉള്‍പ്പെടുത്തണം. നേതാക്കള്‍ എല്ലാവരും ഇനി പാര്‍ട്ടി നിലപാടുകള്‍ പറയേണ്ടതില്ലെന്നും ലീഗ് നേതൃത്വം ചുമതലപ്പെടുത്തുന്നവര്‍ മാധ്യമങ്ങളോട് അടക്കം അഭിപ്രായം പറഞ്ഞാല്‍ മതിയെന്ന അഭിപ്രായവും യോഗത്തില്‍ ഉയര്‍ന്നു.


