റോയ് മാത്യുവിനും, വിനു വി ജോണിനുമെതിരെ നിയമ നടപടിക്കൊരുങ്ങി അഡ്വ. മനീഷ രാധാകൃഷ്ണന്. ഏഷ്യാനെറ്റില്‍ വിനു വി ജോണ്‍ നടത്തിയ ചര്‍ച്ചയ്ക്കിടെ മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് റോയ് മാത്യു അഡ്വ. മനീഷ രാധാകൃഷ്ണനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയിരുന്നു. ഈ വിഷയത്തിലാണ് മനീഷ നിയമ നടപടിക്കൊരുങ്ങുന്നത്.
അഭിഭാഷകയെന്ന നിലയില്‍ പരാതിയുമായി ഏത് അറ്റം വരെയും പോകുമെന്നും, ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ അവര്‍ക്ക് സാധിക്കില്ലെന്നും മനീഷ പറഞ്ഞു. പൊലീസില്‍ ഇത് സംബന്ധിച്ച പരാതി നല്‍കിയെന്നും മനീഷ അറിയിച്ചു.
കുഞ്ഞിന്റെ പിറന്നാള്‍ ആഘോഷം എന്ന നിലയില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യത്തെ കുറിച്ചും മനീഷ പ്രതികരിച്ചു. അത് തന്റെ കുഞ്ഞിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ദൃശ്യങ്ങളല്ലെന്ന് മനീഷ പറയുന്നു.
മനീഷയുടെ വാക്കുകള്‍:
കുറേ ദിവസങ്ങളായി എന്റെ മകളുടെ പിറന്നാള്‍ ആഘോഷം എന്ന പേരില്‍ ഒരു ദൃശ്യം പ്രചരിക്കുന്നത്. എന്നാല്‍ അത് എന്റെ മകളുടെ പിറന്നാള്‍ ആഘോഷമല്ല. പ്രവാസി മലയാളി ഫൗണ്ടേഷന് എന്ന സംഘടനയുടെ ആന്വല്‍ മീറ്റ് ജനുവരിയില്‍ ബോള്‍ഗാട്ടിയില്‍ വച്ച് സംഘടിപ്പിച്ചിരുന്നു. എന്റെ ഭര്‍ത്താവും മാധ്യമ പ്രവര്‍ത്തകനുമായ സഹിന് ആന്റണിയെ ആദരിക്കുന്ന ചടങ്ങായിരുന്നു അവിടെ നടന്നത്. അന്ന് സഹിന് ആന്റണിയുടെ പിറന്നാള്‍ കൂടിയായിരുന്നു. ചടങ്ങിന്റെ അവതാരക അപ്രതീക്ഷിതമായി പിറന്നാളിന്റെ കാര്യം സ്റ്റേജില്‍ അനൗണ്‍സ് ചെയ്യുകയും, സഹിന്റെ പിറന്നാള്‍ അവിടെ വച്ച് ആഘോഷിക്കാന്‍ പോവുകയാണെന്നും അനൗണ്‍സ് ചെയ്തു. അങ്ങനെയാണ് അവിടെ വച്ച് കേക്ക് മുറിക്കുന്നത്. വേദിയില്‍ കേക്ക് കണ്ടപ്പോള്‍ എന്റെ മകള്‍ അവിടേക്ക് ഓടിക്കയറുകയായിരുന്നു.
തന്റെ കുട്ടിയുടെ പിറന്നാള്‍ ആഘോഷമെന്ന നിലയില്‍ കുട്ടിയുടെ മുഖം വ്യക്തമാകുന്ന രീതിയില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെയെല്ലാം ജൂവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പൊലീസില്‍ പരാതി നല്‍കിയെന്നും മനീഷ പറഞ്ഞു. ബാലാവകാശ കമ്മീഷനിലും, വനിതാ കമ്മീഷനിലും പരാതി നല്‍കുമെന്നും മനീഷ വ്യക്തമാക്കി.
മനീഷയുടെ വാക്കുകള്‍ സ്ഥിരീകരിച്ച് പ്രവാസി മലയാളി ഫെഡറേഷന് പ്രസിഡന്റ് ജോസ് കാനാട്ടും രംഗത്തെത്തി. പ്രചരിക്കുന്ന ദൃശ്യത്തില്‍ താനുമുണ്ടെന്നും അത് സഹിന് ആന്റണിയെ ആദരിക്കുന്ന ചടങ്ങിനിടെയുള്ള ദൃശ്യങ്ങളാണെന്നും ജോസ് കാനാട്ട് പറഞ്ഞു.


