ലൈഫ് ഫ്ളാറ്റുകളുടെ നിര്‍മാണക്കരാര്‍ ലഭിച്ചതിന് സ്വപ്ന സുരേഷിന് കൈക്കൂലി നല്‍കിയതായി യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്. സിബിഐ അന്വേഷണം ചോദ്യംചെയ്ത് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് നിര്‍ണായക വെളിപ്പെടുത്തലുകള്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഐ ഫോണ്‍ സമ്മാനിച്ചതായും സന്തോഷ് ഈപ്പന് വെളിപ്പെടുത്തി. ഫോണ്‍ വാങ്ങിയതിന്റെ ബില്‍ ഉള്‍പ്പെടെയാണ് സന്തോഷ് ഈപ്പന് കോടതിയെ സമീപിച്ചത്. നവംബര്‍ 29ന് കൊച്ചിയിലെ ഷോപ്പിങ്ങ് സെന്ററില്‍ നിന്നുമാണ് ഫോണുകള്‍ വാങ്ങിയിരുന്നത്. 2019 ഡിസംബര്‍ 2നായിരുന്നു പരിപാടി നടന്നത്. പ്രതിപക്ഷ നേതാവായിരുന്നു മുഖ്യ അതിഥി. ഈ ചടങ്ങിനിടെയാണ് അഞ്ചില്‍ ഒരു ഐ ഫോണ്‍ രമേശ് ചെന്നിത്തലക്ക് കൈമാറിയത്. സന്തോഷ് ഈപ്പന് കോടതിയില്‍ പറഞ്ഞു.
വടക്കാഞ്ചേരിയിലെ ലൈഫ് ഫ്ളാറ്റുകളുടെ നിര്‍മ്മാണക്കരാര്‍ ലഭിച്ചതിന് സ്വപ്ന സുരേഷിന് 3 കോടി 80 ലക്ഷവും സന്ദീപ് നായര്‍ക്ക് 68 ലക്ഷം രൂപയും നല്‍കിയെന്നാണ് സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തല്‍. കോണ്‍സുലേറ്റ് ജനറല്‍ നിര്‍ദേശിച്ചത് അനുസരിച്ച് സ്വപ്ന ആണ് പണം ആവശ്യപ്പെട്ടത്. കവടിയാറിലെ കോഫി ഷോപ്പിനു സമീപത്തു വച്ച് പണം കൈമാറി. യുഎസ് ഡോളര്‍ ആയാണ് മുഴുവന്‍ തുകയും നല്‍കിയത്.
കോണ്‍സുലേറ്റിലെ ഈജിപ്ഷ്യന്‍ പൗരനായ ജീവനക്കാരന് കോണ്‍സുലേറ്റ് വാഹനത്തില്‍ എത്തിയാണ് പണം കൈപ്പറ്റിയതെന്നും സന്തോഷ് ഈപ്പന്റെ ഹര്‍ജിയില്‍ പറയുന്നു. സ്വപന നിര്‍ദേശിച്ചത് അനുസരിച്ചാണ് ലൈഫ് പദ്ധതിയുടെ ടെന്‍ഡറില്‍ പങ്കെടുത്തത്. ആവശ്യപ്പെട്ട പണം നല്കിയാല് കോണ്‍സുലേറ്റിന്റെ മറ്റു നിര്‍മാണ കരാറുകള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തതായും സന്തോഷ് ഈപ്പന് വെളിപ്പെടുത്തി.
പണത്തിനു പുറമെ അഞ്ചു ഐ ഫോണുകളും സ്വപ്ന ആവശ്യപ്പെട്ടു. യുഎഇ ദേശീയ ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന അതിഥികള്‍ക്ക് നല്‍കാനായിരുന്നു ഇത്. ഇതനുസരിച്ചു വാങ്ങി നല്കിയ ഫോണുകളില്‍ ഒന്ന് ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക്, സ്വപ്ന സുരേഷ് സമ്മാനിച്ചു എന്നും സന്തോഷ് ഈപ്പന്റെ ഹര്‍ജിയില്‍ പറയുന്നു. ഫോണ്‍ വാങ്ങിയതിന്റെ ബില്ലും സന്തോഷ് ഈപ്പന് കോടതിക്ക് കൈമാറിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ അധികാര പരിധിയിലുള്ള വിഷയത്തില്‍ അന്വേഷണം നടത്തുന്നത്തില്‍ നിന്ന് സിബിഐയെ വിലക്കണം എന്നാവശ്യപ്പെട്ടാണ് സന്തോഷ് ഈപ്പന് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
എന്നാല്‍ യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ ഹര്‍ജിയിലുള്ള ആരോപണം നിഷേധിച്ച് രമേശ് ചെന്നിത്തലയുടെ ഓഫീസ്. ഫോണ്‍ കൈപ്പറ്റിയിട്ടില്ല എന്നാണ് ഓഫീസ് നല്കുന്ന വിശദീകരണം. സ്വപ്നയുമായി രമേശ് ചെന്നിത്തലക്ക് അടുത്ത ബന്ധമുണ്ടെന്ന് കേസ് ആരംഭിച്ച സമയം മുതല്‍ സിപിഎം ആരോപിക്കുന്നുണ്ട്. സംന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലോടെ രമേശിനെതിരായ ആരോപണങ്ങള്‍ക്ക് സിപിഎം മൂര്‍ച്ച കൂട്ടുമെന്ന് ഉറപ്പാണ്.