തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗിയെ പുഴുവരിച്ചതില്‍ നടപടി. മൂന്ന് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു. നോഡല്‍ ഓഫീസര്‍ ഡോ അരുണ, ഹെഡ് നഴ്സുമാരായ ലീന, രജനി എന്നിവര്‍ക്കെതിരെയാണ് നടപടി. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ തുടര്‍ അന്വേഷണം നടത്തും.
മെഡിക്കല്‍ കോളജ് കോവിഡ് വാര്‍ഡില്‍ ചികില്‍സയിലിരിക്കെ വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍ കുമാറിന്റെ ശരീരത്തില്‍ പുഴുവരിച്ച സംഭവത്തിലാണ് കടുത്ത നടപടി. ഡിഎംഇയുടേയും ആശുപത്രി സൂപ്രണ്ടിന്റേയും അന്വേഷണത്തില്‍ ജീവനക്കാര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോട് അന്വേഷണം നടത്താനും ആരോഗ്യ മന്ത്രി നിര്‍ദേശിച്ചു. മതിയായ ചികിത്സ ലഭിച്ചില്ലെന്ന് മകള്‍ പരാതിപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴുത്തിന് താഴേയ്ക്ക് തളര്‍ന്ന വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍കുമാറിനെയാണ് പുഴുവരിച്ച നിലയില്‍ കണ്ടെത്തിയത്. ഓഗസ്റ്റ് 21 ന് പണി കഴിഞ്ഞ് മടങ്ങിവരും വഴി തെന്നി വീണ് അനില്‍കുമാറിന് പരുക്കേറ്റിരുന്നു. ആദ്യം പേരൂര്‍ക്കട ആശുപത്രിയിലെത്തിച്ച അനില്‍കുമാറിനെ 22 ന് പുലര്‍ച്ചെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ശരീരത്തില്‍ തളര്‍ച്ച ബാധിച്ചിരുന്നു. ഈ മാസം ആറിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങളോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചു. 26ന് അനില്‍കുമാറിന് കൊവിഡ് നെഗറ്റീവായി. തുടര്‍ന്ന് വീട്ടില്‍ എത്തിച്ചപ്പോഴാണ് ശരീരമാസകലം പുഴുവരിച്ച നിലയില്‍ കണ്ടത്. സംഭവത്തില്‍ അനില്‍കുമാറിന്റെ ബന്ധുക്കള്‍ ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
ഡോക്ടറെ സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ മെഡിക്കല്‍ കോളജ് അധ്യാപകരുടെ സംഘടനയായ കെജിഎംസിടിഎ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. നടപടിയില്‍ സന്തോഷമുണ്ടെന്ന് അനില്‍ കുമാറിന്റെ കുടുംബം പ്രതികരിച്ചു. പേരൂര്‍ക്കട ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന അനില്‍ കുമാറിന്റെ നില അതീവ ഗുരുതരമാണ്.


