കഴിഞ്ഞ ദിവസം ആണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയെ തേടി ഒരു കത്ത് എത്തുന്നത്. ‘പ്രിയപ്പെട്ട ശിവന്‍കുട്ടി അപ്പൂപ്പന്; സുഖമാണോ മന്ത്രി അപ്പൂപ്പാ?’ എന്നു തുടങ്ങുന്ന കത്ത് അയച്ചിരിക്കുന്നത് തിരുവനന്തപുരം ജില്ലയിലെ മുള്ളറംകോട് ഗവണ്മെന്റ് എല്‍ പി എസിലെ 85 രണ്ടാം ക്ലാസ്സുകാര്‍ ചേര്‍ന്നാണ്. എല്ലാവര്ക്കും വേണ്ടി മീനാക്ഷിയാണ് കത്തെഴുതിയത്.
‘അപ്പൂപ്പാ കുട്ടിപ്പുര എന്ന പാഠം ഞങ്ങള്‍ പഠിച്ചു. അതില്‍ സാവിത്രിക്കുട്ടിയുടെ വീടിന്റെ പാലുകാച്ചിന് ഒരു ക്ഷണക്കത്ത് തയ്യാറാക്കി. അപ്പോള്‍ ഞങ്ങള്‍ക്ക് ഒരു ആഗ്രഹം. ഞങ്ങളുടെ സ്കൂളില്‍ ഓണസദ്യ ഒരുക്കുന്നുണ്ട്. സെപ്റ്റംബര്‍ രണ്ടാം തീയതി ആയിരിക്കും ഓണസദ്യ എന്നാണ് ടീച്ചര്‍ പറഞ്ഞത്. ഞങ്ങളോടൊപ്പം ഇരുന്ന് ഓണസദ്യ കഴിക്കാന്‍ മന്ത്രി അപ്പൂപ്പന് വരുമോ? ഞങ്ങളുടെ ക്ഷണം സ്വീകരിച്ചു മന്ത്രി അപ്പൂപ്പന് ഓണസദ്യ കഴിക്കാന്‍ വരുമെന്ന് വിശ്വസിക്കുന്നു. എന്ന് രണ്ടാം ക്ലാസിലെ 85 കൂട്ടുകാര്‍’ എന്നതാണ് കത്തിന്റെ ഉള്ളടക്കം.
കുഞ്ഞുങ്ങളുടെ ക്ഷണം സ്വീകരിച്ച് സ്കൂളില്‍ ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ താന്‍ എത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. ഈ ഓണക്കാലത്തെ ഏറ്റവും മധുരമായ സമ്മാനമാണ് ഈ ക്ഷണത്തിലൂടെ തനിക്ക് ലഭിച്ചതെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.


