കൊച്ചി: ആലുവയില്‍ എല്‍കെജി വിദ്യാര്‍ത്ഥിനി സ്കൂള്‍ ബസില്‍ നിന്ന് തെറിച്ചുവീണ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ജില്ലാ കളക്ടര്‍. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്കും എടത്തല എസ്എച്ച്ഒക്കും കളക്ടര്‍ നിര്‍ദേശം നല്കി.
സെപ്തംബര്‍ ഒന്ന് വ്യാഴാഴ്ച വൈകീട്ട് മൂന്നിന് എടത്തല പേങ്ങാട്ടുശ്ശേരിയിലാണ് സംഭവം നടന്നത്. പേങ്ങാട്ടുശ്ശേരി അല്‍- ഹിന്ദ് സ്കൂളിലെ എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയാണ് സ്കൂള്‍ ബസിലെ എമര്‍ജന്‍സി വാതിലിലൂടെ പുറത്തേക്ക് വീണത്. എതിരെ വന്ന ബസ് പെട്ടെന്നു നിര്‍ത്തിയതിനാല്‍ അപകടമൊഴിവാകുകയായിരുന്നു.
ബസില്‍ നിന്ന് തെറിച്ചു വീണ വിദ്യാര്‍ത്ഥിയെ ആശുപത്രിയിലെത്തിക്കാന്‍ സ്കൂള്‍ അധികൃതരോ ബസ് ജീവനക്കാരോ തയ്യാറായില്ല എന്നാരോപിച്ച് വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കള്‍ എടത്തല പോലീസില്‍ പരാതി നല്‍കിയിരുന്നു. മാധ്യമങ്ങളിലൂടെ വിഷയം ശ്രദ്ധയില്‍ പെട്ട ബാലാവകാശ കമ്മീഷന് കേസെടുക്കുകയായിരുന്നു.


