കൊച്ചി: ആലുവയില്‍ എല്‍കെജി വിദ്യാര്‍ത്ഥിനി സ്കൂള്‍ ബസില്‍ നിന്ന് തെറിച്ചുവീണ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ജില്ലാ കളക്ടര്‍. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്കും എടത്തല എസ്എച്ച്ഒക്കും കളക്ടര്‍ നിര്‍ദേശം നല്കി.
സെപ്തംബര്‍ ഒന്ന് വ്യാഴാഴ്ച വൈകീട്ട് മൂന്നിന് എടത്തല പേങ്ങാട്ടുശ്ശേരിയിലാണ് സംഭവം നടന്നത്. പേങ്ങാട്ടുശ്ശേരി അല്‍- ഹിന്ദ് സ്കൂളിലെ എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയാണ് സ്കൂള്‍ ബസിലെ എമര്‍ജന്‍സി വാതിലിലൂടെ പുറത്തേക്ക് വീണത്. എതിരെ വന്ന ബസ് പെട്ടെന്നു നിര്‍ത്തിയതിനാല്‍ അപകടമൊഴിവാകുകയായിരുന്നു.
എന്നാല്‍ ബസില്‍ നിന്ന് തെറിച്ചു വീണ വിദ്യാര്‍ത്ഥിയെ ആശുപത്രിയിലെത്തിക്കാന്‍ സ്കൂള്‍ അധികൃതരോ ബസ് ജീവനക്കാരോ തയ്യാറായില്ല എന്നാരോപിച്ച് വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കള്‍ എടത്തല പോലീസില്‍ പരാതി നല്കി. വീട്ടിലെത്തിയ ശേഷം കുട്ടി ശരീരാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചു. വീഴ്ചയുടെ ആഘാതത്തില്‍ കുട്ടിയുടെ ദേഹത്ത് ചതവുകളുണ്ടായിട്ടുണ്ട്. ഭയപ്പെട്ട കുട്ടിയെ ആശ്വസിപ്പിക്കാനും ബസ് ജീവനക്കാര്‍ തയ്യാറായില്ല എന്നാരോപണമുണ്ട്.
റിപ്പോര്‍ട്ട് ലഭിച്ച ശേഷം സ്കൂള്‍ ബസുകളില്‍ പാലിക്കേണ്ട സുരക്ഷ മുന്‍കരുതലുകളെയും അപകടമുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികളെയും സംബന്ധിച്ചു സ്കൂള്‍ അധികൃതരുമായി യോഗം ചേരുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.


