നിയമസഭാ കയ്യാങ്കളിക്കേസ് സ്റ്റേ ചെയ്യണമെന്നു ആവശ്യപ്പെട്ട് പ്രതികള്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതിനെ സ്വാഗതം ചെയ്യുന്നതായി രമേശ് ചെന്നിത്തല പറഞ്ഞു. കയ്യാങ്കളിക്കേസ് നിമവിരുദ്ധമായി പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ പ്രതികള്‍ ഒത്താശ ചെയ്യുകയാണ്. കേസ് പിന്‍വലിക്കാനുള്ള ശ്രമത്തിനെതിരെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി മുതല്‍ സുപ്രീംകോടതി വരെ താന്‍ നിയമ യുദ്ധം നടത്തിയിരുന്നു. അതിനു കൂടുതല്‍ ശക്തിപകരുന്നതാണു ഇന്നത്തെ ഹൈക്കോടതി വിധിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിനെതിരെ സുപ്രീംകോടതി അതിനിശിതമായ വിമര്‍ശനമാണ് നടത്തിയത്. എന്നിട്ട് വീണ്ടും പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. പൊതുമുതല്‍ നശിപ്പിക്കപ്പെട്ട ഈ കേസില്‍ പ്രതികളും സര്‍ക്കാരും ഒന്നിക്കുന്ന ദൗര്‍ഭാഗ്യകരമായ അവസ്ഥ അംഗീകരിക്കാന്‍ കഴിയില്ല ദൃശ്യമാദ്ധ്യമങ്ങള്‍ വഴി ലോകം മുഴുവന്‍ തത്സമയം കണ്ട സംഭവത്തില്‍ ആരൊക്കെയാണ് അത് ചെയ്തതെന്ന് വ്യക്തമാണ്.
ഭരണഘടന ഉയര്‍ത്തിപ്പിടിക്കാനും നിയമവ്യവസ്ഥ നടപ്പാക്കാനും ബാദ്ധ്യതയുള്ള സര്‍ക്കാരണ് നിയമവ്യവസ്ഥ അട്ടിമറിക്കാന്‍ കൂട്ട് നില്‍ക്കുന്നത് അപമാനകരമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.


