ലോകായുക്ത നിയമ ഭേദഗതി ബില്ലിലും ചാന്‍സലറുടെ അധികാരം കുറയ്ക്കുന്ന സര്‍വകലാശാല ഭേദഗതി ബില്ലിലും ഒപ്പിടുന്നതില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിയമോപദേശം തേടാന്‍ സാധ്യത. 11 ഓര്‍ഡിനന്‍സുകളില്‍ ഗവര്‍ണര്‍ ഒപ്പിടാതെ അസാധുവായ അസാധാരണ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയമസഭ സമ്മേളനം വിളിച്ച് ബില്ലുകള്‍ പാസാക്കിയത്. എന്നാല്‍ ഓര്‍ഡിനന്‍സുകള്‍ ബില്ലാക്കിയെങ്കിലും ഗവര്‍ണര്‍ ഒപ്പിടുമോയെന്ന ആശങ്ക സര്‍ക്കാറിനുണ്ട്.
നിയമസഭ പാസാക്കിയെങ്കിലും താന്‍ ഒപ്പിട്ടാലേ നിയമമാകൂ എന്ന ഗവര്‍ണറുടെ വാക്കുകളില്‍ ചില സൂചനകളുമുണ്ട്. അതായത് സര്‍ക്കാരിന് വഴങ്ങി ഉടനെയൊന്നും ഗവര്‍ണര്‍ രണ്ട് ബില്ലുകളില്‍ ഒപ്പിട്ടേക്കില്ല. ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ നേരത്തെ ഒപ്പിട്ടതായത് കൊണ്ട് അത് രാഷ്ട്രപതിക്ക് അയച്ചാല്‍ ചില ചോദ്യങ്ങള്‍ ഉയര്‍ന്നേക്കാം. അതുകൊണ്ട് നിയമോപദേശം തേടാനാണ് രാജ് ഭവന് ആലോചിക്കുന്നത്.
ചാന്‍സലര്‍ എന്ന നിലയില്‍ തന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന സര്‍ക്കാര്‍ നടപടിയിലും ഗവര്‍ണര്‍ക്ക് യോജിപ്പില്ല. ആ ബില്ലിലെ ഗവര്‍ണറുടെ തുടര്‍ നടപടി സര്‍ക്കാര്‍ ഉറ്റ് നോക്കുന്നുണ്ട്. ഇതിലും നിയമോപദേശം തേടാനുള്ള സാധ്യതയുണ്ട്.
എന്തായാലും ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ അത് നിയമ പോരാട്ടങ്ങളിലേക്കും വഴി വെച്ചേക്കും.


