സി.പി.ഐ കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ നേതൃത്വത്തിന് വിമര്‍ശനം. സി.പി..എമ്മിനെ വിമര്‍ശിക്കാന്‍ കാനത്തിന് ഭയമാണെന്നും ആനി രാജയെ എംഎം മണി അധിക്ഷേപിച്ചപ്പോള്‍ കാനം പ്രതികരിച്ചില്ലെന്നും സമ്മേളനത്തില്‍ വിമര്‍ശിച്ചു.
കാനം രാജേന്ദ്രനെ അനുകൂലിക്കുന്ന വിഭാഗത്തിന് വലിയ മേധാവിത്വമുള്ള കമ്മിറ്റിയാണ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി. അതുകൊണ്ട് തന്നെ ഇന്നലെ സിപിഐ ജില്ലാ സെക്രട്ടറി പി സന്തോഷ്കുമാര്‍ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ നേതൃത്വത്തിന് മേല്‍ അത്ര രൂക്ഷ വിമര്‍ശനമുണ്ടായിരുന്നില്ല. പക്ഷേ പൊതു ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ വലിയ വിമര്‍ശനമാണുന്നയിച്ചത്. കാനം രാജേന്ദ്രനെ വേദിയിലിരുത്തി കൊണ്ടു തന്നെയായിരുന്നു വിമര്‍ശനം.
‘സികെ ചന്ദ്രപ്പനും മറ്റും സെക്രട്ടറിയായിരുന്ന കാലമായിരുന്നു സിപിഐയുടെ വസന്തകാലം. അന്ന് സിപിഎമ്മിനെ സിപിഐക്ക് ഭയമുണ്ടായിരുന്നില്ല. തുറന്നു പറയാനുള്ള കാര്യങ്ങള്‍ തുറന്നു പറയുന്ന സെക്രട്ടറിമാരായിരുന്നു സികെ ചന്ദ്രപ്പന് അടക്കമുള്ളവര്‍. ആദ്യ ഘട്ടത്തില്‍ ഈ പാത പിന്തുടര്‍ന്ന കാനം പക്ഷേ ഇതില്‍ നിന്ന് പിന്നോട്ട് പോയി. ഇതിനുദ്ദാഹരണമാണ് എംഎം മണി ആനി രാജയെ അധിക്ഷേപിച്ച സംഭവവും ലോക്പാല്‍ ബില്ലുമായി ബന്ധപ്പെട്ട സംഭവങ്ങളും’. പ്രതിനിധികള്‍ വിമര്‍ശിച്ചു. എന്താണ് കാനത്തിന് സംഭവിച്ചതെന്നും ഭയമാണോ എന്നും പ്രതിനിധികള്‍ ചോദിച്ചു.
കെ.കെ. രാകേഷിന്റെ ഭാര്യയുടെ സര്‍വകലാശാല നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിപിഐ ഇതുവരെ കൃത്യമായ നിലപാട് പറഞ്ഞിട്ടില്ലെന്നും ഇതെന്തു കൊണ്ടാണെന്നും പ്രതിനിധികള്‍ ചോദിച്ചു.
എന്നാല്‍ എന്തിനും ഏതിനും സിപിഎമ്മിനെ വിമര്‍ശിക്കേണ്ടതില്ലെന്ന് ചര്‍ച്ചയ്ക്ക് സത്യന് മൊകേരി മറുപടി നല്കി. കാനത്തിന് എന്തെങ്കിലും തരത്തിലുള്ള ഭയമോ നയവ്യതിയാനമോ ഉണ്ടായിട്ടില്ലെന്നും കാനം പഴയ കാനം തന്നെയാണെന്നും മൊകേരി പ്രതികരിച്ചു


