ആറ് വര്‍ഷത്തെ സേവനത്തിന് ശേഷം സുപ്രീം കോടതിയില്‍ നിന്നും ജസ്റ്റിസ് അരുണ്‍ മിശ്ര വിരമിച്ചു. മരട് ഫ്ലാറ്റ് പൊളിക്കല്‍ ഉള്‍പ്പടെ നിര്‍ണായക വിധി പുറപ്പെടുവിച്ച ന്യായാധിപനാണ് ജസ്റ്റിസ് അരുണ്‍ മിശ്ര. ദീപക് മിശ്ര ചീഫ് ജസ്റ്റിസ് ആയിരിക്കെ ഉയര്‍ന്ന അഴിമതി ആരോപണം, രഞ്ജന്‍ ഗൊഗോയ്ക്കെതിരെയുള്ള ലൈംഗിക പീഡന വിവാദം എന്നീ രണ്ട് കേസുകളും പരിഗണിച്ചത് ജസ്റ്റിസ് അരുണ്‍ മിശ്ര ഉള്‍പ്പെട്ട ബെഞ്ചാണ്.
മനസാക്ഷിക്കനുസരിച്ചാണ് ഓരോ കേസും പരിഗണിച്ചതെന്ന് യാത്രയയപ്പ് ചടങ്ങില്‍ ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. വിധി വിശകലനം ചെയ്യാം. പക്ഷെ അതിന് നിറംപിടിപ്പിച്ച കഥകള്‍ നിരത്തരുതെന്നും അരുണ്‍ മിശ്ര വിടവാങ്ങല്‍ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. സുപ്രീം കോടതിയില്‍ അരുണ്‍ മിശ്രയെ പോലെ അചഞ്ചലനായ ജഡ്ജിയെ കണ്ടിട്ടില്ലെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു.
എതിര്‍പ്പുകള്‍ മുഖവിലക്കെടുക്കാതെ സര്‍ക്കാരുകളെ മുള്‍മുനയില്‍ നിര്‍ത്തി പല കോടതി വിധികളും ജസ്റ്റിസ് അരുണ്‍ മിശ്ര നടപ്പാക്കി. പ്രശാന്ത് ഭൂഷണിനെതിരായ കോടതി അലക്ഷ്യ കേസിലടക്കം വിധി പ്രസ്താവിച്ചാണ് ജസ്റ്റിസ് അരുണ്‍ മിശ്ര കാലാവധി പൂര്‍ത്തിയാക്കുന്നത്.


