മുന്നണി പ്രവേശനത്തിന് മുമ്പ് നേതാക്കളെ തിരികെയെത്തിക്കാന്‍ പദ്ധതിയിട്ട് ജോസ് കെ മാണി. രണ്ടില ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ചവരെല്ലാം മടങ്ങിയെത്തണം എന്നാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ നിലപാട്. തദ്ദേശ സ്ഥാപനങ്ങളില്‍ ജോസഫ് പക്ഷത്തേക്ക് കൂറുമാറ്റം നടത്തിയവര്‍ക്ക് മടങ്ങിവരാന്‍ രണ്ട് ദിവസം സമയം നല്‍കും. സ്വമേധയ എത്തിയാല്‍ അച്ചടക്കനടപടി ഉണ്ടാകില്ല. വഴങ്ങാത്തവര്‍ക്കെതിരെ കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യത ഭീഷണി ഉയര്‍ത്താനാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ തീരുമാനം.
തദ്ദേശ സ്ഥാപനങ്ങളില്‍ ജോസഫ് വിഭാഗത്തിലേക്ക് ചേക്കേറിയവരുമായി ചര്‍ച്ചകള്‍ ആരംഭിച്ചു. സിഎഫ്തോമസ് എംഎല്‍എ ഉള്‍പ്പെടെയുള്ളവരെ മടക്കിക്കൊണ്ടുവരാന്‍ നേതൃത്വം ശ്രമം ആരംഭിച്ചു. ഔദ്യോഗിക വിഭാഗം എന്ന അംഗീകാരം ലഭിച്ചതോടെ ഇത് സാധ്യമാകും എന്നാണ് നേതാക്കളുടെ പ്രതീക്ഷ. യുഡിഎഫില്‍ നിന്ന് പുറത്തായതിന് പിന്നാലെ പാലാ നഗരസഭയില്‍ അടക്കം നിരവധി ജനപ്രതിനിധികള്‍ ജോസഫ് വിഭാഗത്തിലേക്ക് മാറിയിരുന്നു.
ഇവരെല്ലാം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് വിധിയോടെ സമ്മര്‍ദത്തിലായി. ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ ഉണ്ടായില്ലെങ്കില്‍ പിജെ ജോസഫ് പക്ഷത്ത് നിന്ന് പ്രാദേശിക നേതാക്കളുടെ കൊഴിഞ്ഞുപോക്ക് ഉണ്ടായേക്കും.


