മൂന്ന് ദിവസത്തേക്ക് വടക്കൻ ജില്ലകളിൽ യെല്ലോ അലർട്ട്. കോഴിക്കോട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓഗസ്റ്റ് 4 വരെ യെല്ലോ അലർട്ട് നിലവിലുണ്ട്. ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കനത്ത മഴയെന്നാൽ 24 മണിക്കൂറിൽ 64.5 മില്ലീമീറ്ററിനും 115.5 മില്ലീമീറ്ററിനും ഇടയിലുള്ള മഴയാണ്.
ഇന്നും നാളെയുമായി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. കേരള തീരം മുതൽ ഗുജറാത്തിൻ്റെ തെക്കൻ തീരം വരെയാണ് ന്യൂനമർദം വ്യാപിക്കുന്നത്. പശ്ചിമ ബംഗാളിലും ജാർഖണ്ഡിലും ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ട്. ഇക്കാരണത്താൽ, ഓഗസ്റ്റ് 2, 3 തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നദികൾക്കുള്ള ഓറഞ്ച് മുന്നറിയിപ്പ് ഇപ്പോൾ പിൻവലിച്ചു. മൂന്ന് സ്റ്റേഷനുകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ ജില്ലയിലെ കരുവന്നൂർ (പാലക്കടവ് സ്റ്റേഷൻ), ഗായത്രി (കൊണ്ടാഴി സ്റ്റേഷൻ), കീച്ചേരി (കോട്ടപ്പുറം സ്റ്റേഷൻ) എന്നീ നദികളിൽ കേന്ദ്ര ജല കമ്മീഷൻ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം.


