കൊവിഡ് മരണങ്ങള് മനപൂര്‍വം മറച്ചുവയ്ക്കേണ്ട കാര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മരണ കണക്കില്‍ പ്രശ്നമുണ്ടെങ്കില്‍ പരിഹരിക്കപ്പെടണം. പരാതികള്‍ പരിശോധിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജനങ്ങള്‍ക്കൊപ്പമാണ് സര്‍ക്കാര്‍ നില്‍ക്കുന്നത്. പരാതികള്‍ ഇമെയില്‍ അയച്ചാല്‍ പോലും പരിശോധിക്കും. ഓഫിസ് കയറിയിറങ്ങേണ്ട. മാനദണ്ഡം മാറ്റുന്ന കാര്യം മന്ത്രിയെന്ന നിലയ്ക്ക് ഒറ്റയടിക്ക് പറയാനാവില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരം ബന്ധുക്കള്‍ക്ക് ലഭ്യമാക്കുന്നത് പരിശോധിക്കും. മുന്‍പുണ്ടായ മരണങ്ങള് പട്ടികയില്‍ ഉള്‍പ്പെടുത്താതിരുന്നത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
മരണകാരണങ്ങള്‍ നിശ്ചയിക്കുന്നത് രോഗിയെ പരിചരിക്കുന്ന ഡോക്ടറാണ്. മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണിത്. മാനദണ്ഡങ്ങള്‍ മാറ്റാന്‍ കേരളത്തിനാകില്ല. ആരെങ്കിലും പട്ടികയില്‍ ഉള്‍പ്പെടാതെ പോയെങ്കില്‍ വിശദമായി പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.