വിവാദങ്ങള്‍ക്കിടെ ടിക്കാറാം മീണയുടെ ആത്മകഥയുടെ പ്രകാശനം ഇന്ന് നടക്കും. വൈകീട്ട് തിരുവനന്തപുരത്താണ് ‘തോല്‍ക്കില്ല ഞാന്‍’ എന്ന പുസ്തകത്തിന്റ പ്രകാശനം. പി ശശിയുടെ വക്കീല്‍ നോട്ടീസ് കാര്യമാക്കുന്നില്ലെന്ന് ടിക്കാറാം മീണ പറഞ്ഞു. പുസ്തകത്തിനായി സര്‍ക്കാരിനോട് രേഖാമൂലം അനുമതി തേടിയിരുന്നു. ചില ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
തിരുത്തിയ പുസ്തകമാണ് പ്രസിദ്ധീകരിക്കുന്നതെന്ന് ടിക്കാറാം മീണ അറിയിച്ചു. മുഖ്യമന്ത്രിമാരുടെ പേരുകള്‍ ഉള്ള ഭാഗങ്ങള്‍ മാറ്റണം എന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം. തനിക്ക് എതിരായ ഭാഗങ്ങള്‍ ഒഴിവാക്കണം എന്ന പി ശശിയുടെ വക്കീല്‍ നോട്ടീസ് പരിഗണിക്കില്ലെന്നും മീണ വ്യക്തമാക്കി.
ടിക്കാറാം മീണയുടെ ആത്മകഥയില്‍ തനിക്കെതിരായി നടത്തിയ പരാമര്‍ശത്തിലാണ് പി ശശിയുടെ വക്കീല്‍ നോട്ടീസ്. പരാമര്‍ശം പിന്‍വലിച്ച് നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കില്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം തരണമെന്നാണ് നോട്ടീസില്‍ പറയുന്നത്. ഈ പരാമര്‍ശങ്ങളടങ്ങിയ ആത്മകഥ പ്രസിദ്ധീകരിക്കരുതെന്നും നോട്ടീസില്‍ പറയുന്നു. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് തന്നെ അകാരണമായി സസ്പെന്റ് ചെയ്തതിനും സ്ഥലം മാറ്റിയതിനും പിന്നില്‍ അന്നത്തെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി. ശശിയായിരുന്നു എന്നാണ് ആത്മകഥയില്‍ മീണയുടെ ആരോപണം.
തൃശ്ശൂര്‍ കളക്ടറായിരിക്കെ വ്യാജ കള്ള് നിര്‍മ്മാതാക്കള്‍ക്കെതിരെ നടപടിയെടുത്തതിന്റെ പേരില്‍ ഇകെ നയനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി ശശി ഇടപെട്ട് തന്നെ സ്ഥലം മാറ്റിയെന്നാണ് ആത്മകഥയില്‍ മീണയുടെ വെളിപ്പെടുത്തല്‍. നിക്കെതിരായ പരാമര്‍ശം പിന്‍വലിക്കണമെന്നും ഈ പരാമര്‍ശം അടങ്ങിയ പുസ്തകം പ്രസിദ്ധീകരിക്കരുത് എന്നും കാണിച്ചാണ് ശശി വക്കീല്‍ നോട്ടീസ് നല്‍കിയത്. വയനാട് കളക്ടറായിരിക്കെ സസ്പെന്‍ഡ് ചെയ്തതിന് പിന്നിലും പി ശശിയെന്നും ടിക്കറാം മീണയുടെ ആത്മകഥയിലുണ്ട്. കരുണാകരന് മുഖ്യമന്ത്രിയായിരിക്കെ ഭക്ഷ്യമന്ത്രിയായിരുന്ന ടിഎച്ച് മുസ്തഫ പ്രതികാര ബുദ്ധിയോടെ പെരുമാറിയെന്നും മീണ പറയുന്നു.
ഇടത് വലത് സര്‍ക്കാരുകളുടെ കാലത്ത് സത്യസന്ധമായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ നേരിട്ട സമ്മര്‍ദ്ദങ്ങളും ദുരനുഭവങ്ങളുമാണ് ടിക്കറാം മീണയുടെ തോല്‍ക്കില്ല ഞാന്‍ എന്ന ആത്മകഥയുടെ ഹൈലൈറ്റ്. ഇന്ന് പിണറായി വിജയനന്റേയും പണ്ട് ഇ കെ നായനാരുടെയും പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി ശശിക്കെതിരെയാണ് പ്രധാന വിമര്‍ശനം.
മാധ്യമ പ്രവര്ത്തകന് എം.കെ.രാംദാസിനൊപ്പം ചേര്‍ന്നാണ് ടിക്കറാം മീണ പുസ്തകമെഴുതിയിരിക്കുന്നത്. മെയ് രണ്ടിനാണ് പ്രകാശനം. കേരളത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന കാലത്തെ അനുഭവങ്ങള്‍ അടുത്ത ഭാഗത്തിലായിരിക്കുമെന്നാണ് സൂചന.


