സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ പ്രമാണിച്ച് നാളെ അവധി. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി.
ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് മെയ് 3 ന് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചതിനാല്‍ പി.എസ്.സി നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്, സര്‍വ്വീസ് വെരിഫിക്കേഷന് എന്നിവ മാറ്റിവച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും. നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന അകൗണ്ട് ടെസ്റ്റ് ഫോര്‍ എക്സിക്യൂട്ടിവ് ഓഫിസര്‍ (കേരള സര്‍വ്വീസ് റൂള്‍സ്) വകുപ്പുതല പരീക്ഷ മെയ് 9 ലേക്ക് മാറ്റിവെച്ചു.
കേരള സര്‍വകലാശാല നാളെ(03/05/2022) നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു, പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ്. മറ്റു ദിവസത്തെ പരീക്ഷകള്‍ക്ക് മാറ്റമില്ല.
കേരള സര്‍വകലാശാല നാളെ(03/05/2022) ന് ആരംഭിക്കാന്‍ നിശ്ചയിച്ചിരുന്ന ആറാം സമസ്റ്റര്‍ CBCSS/CRCBCSS പരീക്ഷകളുടെ കേന്ദ്രികൃത മൂല്യ നിര്‍ണയ ക്യാമ്പ് മെയ് നാലാം തിയതിലേക്ക് പുനക്രമീകരിച്ചു. നാളെ നടത്താനിരുന്ന ജെ.ഡി.സി പരീക്ഷ ( ബാങ്കിംഗ്) 4.05.22 ബുധനാഴ്ച യിലേക്ക് മാറ്റി. സമയ ക്രമത്തില്‍ മാറ്റമില്ല.
ഒരു മാസക്കാലം നീണ്ട വ്രതാനുഷ്ഠാനത്തിന് പിന്നാലെ ഇന്ന് ചെറിയ പെരുന്നാള്‍ ആയേക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഇന്നലെ മാസപ്പിറവി കാണാതിരുന്നതിനാല്‍ 30-ാം നോയമ്പ് കൂടി നോറ്റ് നാളെ പെരുന്നാള്‍ ആഘോഷിക്കാനിരിക്കുകയാണ് കേരള സമൂഹം.