ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത വാഹന പണിമുടക്ക് തുടങ്ങി. ബി.എം.എസ്. ഒഴികെ എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കും. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്.
കെ.എസ്.ആര്.ടി.സി. യൂണിയനുകളും സ്വകാര്യ ബസ് സംഘടനകളും പണിമുടക്കിന് പിന്തുണ നല്കി. കെ.എസ്.ആര്.ടി.സിയിലെ സി.ഐ.ടി.യു, ടി.ഡി.എഫ്, എ.ഐ.ടി.യു.സി യൂണിയനുകള്‍ പിന്തുണ പ്രഖ്യാപിച്ചതോടെയാണ് സര്‍വ്വീസുകള്‍ മുടങ്ങിയത്. ബി.എം.എസ് കരിദിനം ആചരിക്കും.
പണിമുടക്കിനെ തുടര്‍ന്ന് ഇന്നത്തെ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ എട്ടാം തീയതിയിലേക്ക് മാറ്റി. എ.പി.ജെ. അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല (കെ.ടി.യു.), കാലടി സംസ്കൃത സര്‍വകലാശാല എന്നിവിടങ്ങളില്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.