ശശി തരൂര്‍ എംപി എന്‍എസ്എസ് ആസ്ഥാനത്ത് എത്തി. ഏറെ സന്തോഷം തരുന്ന സന്ദര്‍ശനമെന്ന് തരൂര്‍ പറഞ്ഞു. മുമ്പും താന്‍ പെരുന്നയില്‍ വന്നിട്ടുണ്ട്. മന്നം ജയന്തി സമ്മേളനത്തില്‍ പങ്കെടുക്കുന്നത് ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇന്നത്തെ ചടങ്ങിലേക്ക് ക്ഷണമില്ല. ഈ സാഹചര്യത്തില്‍ തരൂരിന്റെ സന്ദര്‍ശനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.
മന്നം ജയന്തി പൊതുസമ്മേളന വേദിയില്‍ ഉദ്ഘാടനകനായ ശശി തരൂരിനെ പുകഴ്ത്തി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ശശി തരൂര്‍ കേരള പുത്രനാണെന്ന് സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് സമയത്ത് തരൂരിനെ ഡല്‍ഹി നായര്‍ എന്ന് വിളിച്ചത് തെറ്റാണ്. ആ തെറ്റ് തിരുത്താനാണ് തരൂരിനെ മന്നം ജയന്തി ഉദ്ഘാടന വേദിയിലേക്ക് ക്ഷണിച്ചതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
‘ഇദ്ദേഹം തിരുവനന്തപുരത്ത് മത്സരിക്കാന്‍ വന്നപ്പോള്‍ ഡല്‍ഹി നായരാണെന്ന് പറഞ്ഞയാളാണ് ഞാന്‍. ആ തെറ്റ് തിരുത്താനും കൂടിയാണ് ഇന്നിവിടെ അദ്ദേഹത്തെ വിളിച്ചുവരുത്തിയത്. അദ്ദേഹം ഡല്‍ഹി നായരല്ല, കേരള പുത്രനാണ്, വിശ്വപൗരനാണ്. അദ്ദേഹത്തോളം യോഗ്യതയുള്ള മറ്റൊരാളെ ഞാന്‍ കാണുന്നില്ല ഈ ചടങ്ങ് ഉദ്ഘാടനം ചെയ്യാന്‍.’ എന്നായിരുന്നു ജി സുകുമാരന്‍ നായര്‍ പറഞ്ഞത്. എന്നാല്‍ ഒരു നായര്‍ക്ക് മറ്റൊരു നായരെ കണ്ടുകൂടെന്ന് മന്നം പറഞ്ഞിട്ടുണ്ടെന്നും ഇപ്പോഴും രാഷ്ട്രീയത്തില്‍ ഇത് അനുഭവിക്കുന്നുണ്ടെന്ന് തരൂരും പറഞ്ഞു.
എന്‍എസ്എസ് ആസ്ഥാനത്താണ് മന്നം ജയന്തി പൊതുസമ്മേളനം പുരോഗമിക്കുന്നത്. ഏറെ സന്തോഷം തരുന്ന സന്ദര്‍ശനമാണെന്ന് തരൂര്‍ കോട്ടയത്ത് പറഞ്ഞു. 10 വര്‍ഷം മുമ്പ് എകെ ആന്റണി മന്നം ജയന്തി സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം ഇത് ആദ്യമായാണ് ഒരു കോണ്‍ഗ്രസ് നേതാവിനെ മന്നം ജയന്തിയിലേക്ക് ക്ഷണിക്കുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്, രമേശ് ചെന്നിത്തല എന്നീ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ഏറെ കാലമായി അകല്‍ച്ചയിലാണ്.
രണ്ട് മാസം മുമ്പ് സതീശനെതിരെ അദ്ദേഹം കടുത്ത ഭാഷയില്‍ പരസ്യ വിമര്‍ശനവും ഉന്നയിച്ചിരുന്നു. സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങിയല്ല താന്‍ ജയിച്ചതെന്ന സതീശന്റെ പ്രസ്താവനയാണ് സുകുമാരന്‍ നായരെ ചൊടിപ്പിച്ചത്. ഈ സമീപനം തുടര്‍ന്നാല്‍ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്ന് അദ്ദേഹം സതീശന് മുന്നറിയിപ്പും നല്‍കിയിരുന്നു.
ആദ്യമായി തിരുവനന്തപുരത്ത് മത്സരിക്കാന്‍ എത്തിയപ്പോള്‍ ദില്ലി നായരെന്നാണ് ശശി തരൂരിനെ സുകുമാരന്‍ നായര്‍ വിശേഷിപ്പിച്ചത്. എന്നാല്‍ വര്‍ഷങ്ങല്‍ക്കിപ്പുറം അതേ ശശി തരൂരിനെ മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എന്‍ എസ് എസ് ക്ഷണിച്ചുവെന്നതിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നതില്‍ തര്‍ക്കമില്ല.


