പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകള്‍ ജോസ് കെ. മാണിക്ക് നല്കാന് എല്‍.ഡി.എഫില്‍ ധാരണ. കാഞ്ഞിരപ്പള്ളി സീറ്റ് സി.പി.ഐ വിട്ട് നല്‍കും. കാഞ്ഞിരപ്പള്ളിക്ക് പകരം കൊല്ലത്ത് ഒരു സീറ്റ് സി.പി.ഐ ആവശ്യപ്പെടും. പാലാ സീറ്റ് വിട്ടു നല്കുമ്പോള് എന്‍.സി.പിയിലെ ഒരു വിഭാഗം മുന്നണി വിടാന്‍ സാധ്യത.
ജോസ് കെ. മാണി വിഭാഗത്തിനെ മുന്നണിയിലെടുക്കുമ്പോള്‍ തന്നെ, പാലാ സീറ്റ് ഇടതുമുന്നണി അവര്‍ക്ക് കൊടുക്കും എന്ന ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. കെ. എം മാണിയുടെ അഭിമാന മണ്ഡലമാണ് പാല. പാല സീറ്റിന് ജോസിന് ലഭിക്കും എന്ന ധാരണയുടെ പുറത്താണ്, ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയിലേക്ക് വന്നതും. ഇടതുമുന്നണിക്കിടയില്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക ചര്‍ച്ചകള്‍ നടന്നിട്ടില്ലെങ്കിലും സിപിഎമ്മിനും സിപിഐയ്ക്കുമിടയില്‍ ഇത് സംബന്ധിച്ച് ധാരണയായതായാണ് സൂചന.
പാലാ സീറ്റ് വിട്ടുനല്‍കുകയാണെങ്കില്‍ മുന്നണിക്കൊപ്പം നില്‍ക്കേണ്ടതില്ലെന്ന് എന്‍സിപിയിലെ ഒരു വിഭാഗം തീരുമാനമെടുത്തിട്ടുണ്ട്. ടി പി പീതാംബരനും മാണി സി. കാപ്പനും യുഡിഎഫുമായി ഇത് സംബന്ധിച്ച് അനൗദ്യോഗിക ചര്‍ച്ചകളും നടത്തിക്കഴിഞ്ഞു. എന്നാല്‍ പാലാ സീറ്റിന്റെ കാര്യത്തില്‍ മുന്നണിയില്‍ ചര്‍ച്ച നടന്നിട്ടില്ലെന്നായിരുന്നു എ. കെ ശശീന്ദ്രന്റെ പ്രതികരണം. മുന്നണി വിടേണ്ട സാഹചര്യം നിലവിലില്ല. എല്‍.ഡി.എഫിനെ ക്ഷീണിപ്പിക്കുന്ന ഒന്നും പാര്‍ട്ടിയുടെ ഭാഗത്ത് നിന്നുണ്ടാകില്ല. സിറ്റിംഗ് സീറ്റുകള്‍ വിട്ടുകൊടുക്കുന്നതിനോട് യോജിപ്പില്ല. മുന്നണി വിപുലീകരിക്കുമ്പോള്‍ ചെറിയ നഷ്ടങ്ങള്‍ പാര്‍ട്ടികള്‍ക്ക് സംഭവിക്കും. അത് സ്വാഭാവികമാണെന്നും എ.കെ ശശീന്ദ്രന് പറഞ്ഞു.