വിഴിഞ്ഞം പൊലീസ് സ്റ്റേഷന് അക്രമിച്ചവര്‍ക്കെതിരെ കടുത്ത നടപടി എടുക്കണമെന്ന് കെ മുരളീധരന് എംപി. ഈ അക്രമണത്തിന്റെ കാരണം സര്‍ക്കാരിന്റെ പിടിപ്പുകേടാണ്. വിഴിഞ്ഞം വിഷയത്തില്‍ സിപിഐഎം മലക്കം മറിയുകയാണ്. യുഡിഎഫ് കാലത്ത് മത്സ്യത്തൊഴിലാളികളെ പിന്തുണച്ചവര്‍ ഇന്ന് അവരെ രാജ്യദ്രോഹികളായി മുദ്രകുത്തിയെന്ന് മുരളീധരന് ആരോപിച്ചു. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഇതുവരെ വിഴിഞ്ഞം തുറമുഖം നേരിട്ട് സന്ദര്‍ശിച്ചിട്ടില്ലായെന്ന് അദ്ദേഹം പരിഹസിച്ചു.
‘മന്ത്രി അബ്ദുറഹ്മാന് നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണ്. മന്ത്രിമാരുടെ നാക്ക് നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം. നേമം സീറ്റ് കിട്ടില്ലെന്ന് ഉറപ്പുള്ളതു കൊണ്ടാണ് മന്ത്രി ശിവന്‍കുട്ടി ലത്തീന്‍ അതിരൂപതയെ വിമര്‍ശിക്കുന്നത്.’ എന്നും മുരളീധരന് പറഞ്ഞു.
കടപ്പുറത്തെ പ്രശ്നങ്ങള്‍ കൈവിട്ടു പോകുമെന്ന് അറിയാത്ത ആളാണോ മുഖ്യമന്ത്രി. ആരാണ് ഇവിടെ തീവ്രവാദി. അങ്ങനെ ആരെങ്കിലും നുഴഞ്ഞു കയറിയിട്ടുണ്ടെങ്കില്‍ അവരെ വെളിച്ചത്തു കൊണ്ടുവരേണ്ടത് സര്‍ക്കാരല്ലേ എന്നും അദ്ദേഹം ചോദിച്ചു.
‘മത്സ്യത്തൊഴിലാളികളെ രാജ്യദ്രോഹികള്‍ എന്ന് വിളിക്കാന്‍ ആരാണ് മന്ത്രിക്ക് അനുമതി കൊടുത്തത്. വിഴിഞ്ഞം തുറമുഖത്തിന്റെ പേരില്‍ സംഘപരിവാറിനെ അഴിഞ്ഞാടാന്‍ അനുവദിക്കുന്ന സ്ഥിതിയാണ് ഇവിടെ. മത്സ്യത്തൊഴിലാളിയുടെ ചട്ടിയില്‍ കൈയിട്ട് വേണോ അദാനിയുടെ നഷ്ടം നികത്താന്‍. അതു കൊടുക്കുന്നത് സംഘി മുഖ്യമന്ത്രിയല്ല കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് എന്നോര്‍ക്കണം. സംഘര്‍ഷം കത്തി നില്ക്കുന്ന വിഴിഞ്ഞത്ത് പോലീസ് സ്റ്റേഷന് ആക്രമണം ഉണ്ടാകും എന്ന് സര്‍ക്കാര്‍ അറിഞ്ഞില്ലേ. അത് സര്‍ക്കാരിന്റെ പരാജയമാണെന്നും’ അദ്ദേഹം കൂട്ടിചേര്‍ത്തു.


