ഇന്ന് കേരളപിറവി. ഐക്യ കേരളത്തിന് 65 വയസ് തികഞ്ഞു. 1956 നവംബര്‍ ഒന്നിനാണ് കേരളം രൂപം കൊണ്ടത്. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ മൂന്നായി വിഭജിച്ചു കിടന്ന പ്രദേശങ്ങളെ ഒരുമിപ്പിച്ചാണ് കേരളം സംസ്ഥാനം രൂപീകരിച്ചത്. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കണമെന്ന ആവശ്യം സ്വാതന്ത്യാനന്തര ഇന്ത്യയില്‍ ശക്തമായിരുന്നു. ഇതിന്റെ പേരില്‍ രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ നിരവധി പോരാട്ടങ്ങളും നടന്നു. ഇതിന്റെ ഫലമായാണ് കേരള സംസ്ഥാന രൂപീകരണം യാഥാര്‍ഥ്യമായത്.
ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, മുഖ്യമന്ത്രി പിണറായി വിജയന്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ആറര പതിറ്റാണ്ട് നീണ്ട കാലത്തിനൊടുവില്‍ ഒട്ടേറെ മേഖലയില്‍ രാജ്യത്തിന് തന്നെ മാതൃകയായി കേരളം മാറി. വിദ്യാഭ്യാസം, ആരോഗ്യം, പൊതുഭരണം, ടൂറിസം തുടങ്ങിയ മേഖലകളിലൊക്കെ ലോകത്തിന് തന്നെ കേരളം മാതൃകയായി. സാമൂഹ്യ പുരോഗതിയിലും കലാ- കായിക- സാംസ്കാരിക മേഖലകളിലും കേരളം മുന്‍നിരയില്‍ നില്‍ക്കുകയാണ്.

