കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനം വന്നതോടെ യുഡിഎഫില്‍ ആശയക്കുഴപ്പം. നാളെ നടത്താനിരുന്ന യുഡിഎഫ് യോഗം മാറ്റി. മൂന്നിന് യുഡിഎഫ് യോഗം ചേര്‍ന്ന് നിര്‍ണായക തീരുമാനം എടുക്കുമെന്ന് നേതാക്കള്‍ സൂചന നല്‍കിയിരുന്നെങ്കിലും ഇനി അത് ആലോചിച്ച് മതിയെന്നാണ് പൊതു ധാരണ. മൂന്നാം തീയതിയിലെ മുന്നണി യോഗം മാറ്റിവക്കുകയും ചെയ്തിട്ടുണ്ട്. നേതാക്കളുടെ പ്രതികരണങ്ങളിലും കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗത്തോട് മൃദു സമീപമാണ് ഇന്ന്.
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുകയും സ്വര്‍ണക്കടത്ത് കേസ് അടക്കമുള്ള ആരോപണങ്ങളില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ പരോക്ഷമായി സര്‍ക്കാര്‍ അനുകൂല നിലപാടെടുക്കുകയും ചെയ്തതോടെയാണ് ജോസ് കെ മാണി വിഭാഗത്തോട് ഇനി വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലേക്ക് കോണ്‍ഗ്രസ് നേതാക്കളെത്തിയത്. മുസ്ലീം ലീഗ് അടക്കമുള്ള ഘടകകക്ഷികളുമായി ഇക്കാര്യത്തില്‍ അനൗദ്യോഗിക തീരുമാനവും എടുത്തിരുന്നു. മൂന്നിന് ചേരുന്ന യുഡിഎഫ് യോഗത്തില്‍ കേകളാ കോണ്‍ഗ്രസിന് എതിരായ അച്ചടക്ക നടപടി ചര്‍ച്ച ചെയ്യാനിരിക്കെയാണ് തെരഞ്ഞെടുപ്പ് ചിഹ്നത്തില്‍ തീര്‍പ്പുണ്ടായത്.
ജോസ് വിഭാഗത്തെ യുഡിഎഫില്‍ നിന്നും പുറത്താക്കിയിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞു. ചിഹ്നം സംബന്ധിച്ച തര്‍ക്കം കേരളാ കോണ്‍ഗ്രസിന്റെ ആഭ്യന്തര വിഷയമാണെന്നും സാങ്കേതികമായി കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം യു ഡി എഫിന് പുറത്തല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മൂന്നിന് ചേരാനിരുന്ന യുഡിഎഫ് യോഗം മാറ്റി. തുടര്‍ തീരുമാനം ആലോചിച്ച ശേഷം മാത്രമെന്നും രമേശ് ചെന്നിത്തല പറഞ്ഞു,
അതേസമയം ജോസ് വിഭാഗത്തിന് കിട്ടിയ ഓണസമ്മാനമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് വിധിയെന്നാണ് ജോസ് കെ മാണി വിഭാഗത്തിന്റെ പ്രതികരണം. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ഫോണിലൂടെ പോലും വോട്ട് ചോദിച്ചിട്ടില്ല. കേരളാ കോണ്‍ഗ്രസിനെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചവര്‍ക്കുള്ള തിരിച്ചടിയാണെന്നും തുടര്‍ തീരുമാനങ്ങള്‍ അങ്ങേ അറ്റം സൂക്ഷ്മതയോടെ മാത്രമെ ഉണ്ടാകൂ എന്നുമാണ് കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ പ്രതികരണം.