സ്വര്‍ണക്കടത്തുകേസില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനായി എന്‍ഐഎ ഇന്ന് സെക്രട്ടേറിയറ്റിലെത്തും. തീപിടിത്തമുണ്ടായ പ്രോട്ടോക്കോള്‍ ഓഫീസിലും പരിശോധന നടത്തും. ഇതിനായി പൊതുഭരണവകുപ്പ് സെക്രട്ടറിക്ക് കത്തു നല്കി. സ്വര്‍ണക്കടത്തുകേസില്‍ എന്‍ഐഎ സെക്രട്ടേറിയറ്റിലെത്തുന്നത് മൂന്നാംതവണയാണ്.
2019 ജൂണ്‍ മുതല്‍ 2020 ജൂലൈ വരെയുള്ള ദൃശ്യങ്ങള്‍ സംഘം പരിശോധിക്കും. മുന്‍പ് ജൂലൈ 23ന് എന്‍ഐഎ സെക്രട്ടേറിയറ്റില്‍ നിന്ന് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കൈമാറാന്‍ സാങ്കേതികമായ തടസമുണ്ടെന്നും ആവശ്യമുള്ള ദൃശ്യങ്ങള്‍ നല്‍കാമെന്നും അധികൃതര്‍ അറിയിച്ചിരുന്നു.
അതേസമയം സ്വപ്ന സുരേഷിന്റെ മൊഴി ചോര്‍ന്ന സംഭവം അന്വേഷിക്കാന്‍ കസ്റ്റംസ് സിബിഐയുടെ സഹായം തേടും. ഇതിനായി കേന്ദ്രത്തിന് കസ്റ്റംസ് ഉന്നത ഉദ്യോഗസ്ഥര്‍ കത്ത് നല്കി. മൊഴി ചോര്‍ന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് കസ്റ്റംസ് വിലയിരുത്തല്‍. മൊഴി ചോര്‍ന്നത് സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് ഉടന്‍ കൈമാറുമെന്നും വിവരം.
സ്വപ്ന സുരേഷ് സ്വന്തം കൈപ്പടയില്‍ എഴുതി നല്കിയ വിവരങ്ങളാണ് കസ്റ്റംസില്‍ നിന്ന് ചോര്‍ന്നത്. 32 പേജുള്ള മൊഴികളില്‍ മൂന്ന് പേജ് മാത്രം പുറത്ത് വിട്ടത് പ്രത്യേക ഉദ്ദേശത്തോടെയാണെന്ന് കസ്റ്റംസിലെ ഉന്നത വിഭാഗത്തിന്റെ നിഗമനം. ഉത്തരവാദികളെ ഉടന്‍ കണ്ടെത്താനാണ് കേന്ദ്രം നല്‍കിയിരിക്കുന്ന നിര്‍ദേശം. രഹസ്യ മൊഴി ലഭിച്ചതെങ്ങനെയെന്ന് മാധ്യമ പ്രവര്‍ത്തകരോടടക്കം കസ്റ്റംസ് ഇന്റലിജന്‍സ് അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ ആരോപണ വിധേയനായ കസ്റ്റംസ് പ്രിവന്റീവ് അസി. കമ്മീഷണര്‍ എസ്എന്‍ ദേവിനെ സ്ഥലം മാറ്റിയിരുന്നു.