അടൂര്‍ പ്രകാശിനെതിരെ ശബ്ദരേഖ പുറത്തുവിട്ട് ഡിവൈഎഫ്ഐ. ഫൈസല്‍ വധശ്രമക്കേസില്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ചതിന് തെളിവായാണ് ഓഡിയോ പുറത്തുവിട്ടത്. വെഞ്ഞാറമ്മൂട് ഇരട്ടക്കൊലക്കേസ് പ്രതി ഷജിത്തിന്റേതാണ് ശബ്ദരേഖ.
വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കൊന്ന കേസിലെ പ്രതികള്‍ക്ക് അടൂര്‍ പ്രകാശ് എം.പിയുമായി ബന്ധമുണ്ടെന്ന് മന്ത്രി ഇ.പി. ജയരാജന് ആരോപിച്ചതിന് പിന്നാലെയാണ് ഡിവൈഎഫ്ഐ ശബ്ദരേഖ പുറത്തുവിട്ടത്. കൊലയ്ക്കുശേഷം പ്രതികള്‍ അടൂര്‍ പ്രകാശിനെ ഫോണില്‍ വിളിച്ചുവെന്നാണ് ഇപിയുടെ ആരോപണം. ഗൂഢാലോചനയില്‍ അടൂര്‍ പ്രകാശിന്റെ പങ്ക് അന്വേഷിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
എന്നാല്‍ ആരോപണങ്ങള്‍ തെളിയിക്കേണ്ട ബാധ്യത മന്ത്രിക്കാണെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. പ്രതികളാരും തന്നെ വിളിച്ചിട്ടില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ന്യായമായ കാര്യങ്ങള്‍ക്കല്ലാതെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചിട്ടില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസില്‍ നാലു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. നാലുപേരും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് സി.പി.എം നാളെ കരിദിനം ആചരിക്കും. അതേസമയം, കൊലപാതകത്തില്‍ കോണ്‍ഗ്രസിന് ബന്ധമില്ലെന്ന് ഡിസിസിയില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.


