കോവിഡ് രണ്ടാം തരംഗം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ ചികിത്സാ- പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കെ.ജി.എം.സി.ടി.എ സര്‍ക്കാരിനു മുന്പില് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു.
കഴിഞ്ഞ വര്‍ഷം കോവിഡ് രോഗം ആരംഭിച്ചതു മുതല്‍ കോവിഡ് ചികിത്സാരംഗത്ത് സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ സ്വന്തം ജീവന് പോലും വകവെയ്ക്കാതെ ഏറ്റവും ആത്മാര്‍ത്ഥമായ ഒരു സേവനമാണ് കാഴ്ചവെച്ചിട്ടുള്ളത്. ഇന്ത്യയൊട്ടാകെ തന്നെ കണക്കിലെടുക്കുമ്പോള്‍ കേരളത്തിലെ മരണ നിരക്ക് ഏറ്റവും കുറഞ്ഞിരിക്കാനുള്ള കാരണവും അവരുടെ അക്ഷീണമായ പ്രയത്നം കൊണ്ടുകൂടിയാണ്. ആരോഗ്യരംഗത്തെ ഒരു പ്രൊഫഷണല്‍ സംഘടന എന്ന നിലയിലും കോവിഡ് കാലത്തെ അനുഭവങ്ങളില്‍ നിന്നുമാണ് നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുന്നതെന്ന് കെ.ജി.എം.സി.ടി.എ. വ്യക്തമാക്കി. നിര്‍ദേശങ്ങള്‍ ഇങ്ങനെ:
1. എ, ബി എന്നീ കാറ്റഗറിയിലുള്ള രോഗികളെ ചികില്സിക്കാനുള്ള പൂര്‍ണ്ണമായ സൗകര്യം ജില്ലകളിലെ ആരോഗ്യവകുപ്പിന് കീഴിലുള്ള ആശുപത്രികളില്‍ ഒരുക്കുകയും അതീവ വൈദഗ്ധ്യം ആവശ്യമുള്ള അതിതീവ്ര രോഗികളെ ചികില്സിക്കുന്നതിനായി മെഡിക്കല്‍ കോളേജുകള്‍ സുസജ്ജമാക്കുകയും ചെയ്യുക. ആരോഗ്യ ചികിത്സാരംഗത്തെ ഉത്തുംഗശൃംഗങ്ങള് ആയി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളെ അതേപടി നിലനിര്‍ത്തുകയും അവിടെ ഗുരുതരാവസ്ഥയില്‍ ഉള്ള കാറ്റഗറി-സി യില്‍ ഉള്‍പ്പെടുന്ന രോഗികളെ ചികില്‍സിക്കാന്‍ മാത്രമായി ഉപയോഗിക്കുകയും ചെയ്യുക.
2. എല്ലാ വിഭാഗത്തിലുമുള്ള കോവിഡ് രോഗികളെ ചികില്‍സിക്കേണ്ടി വരുന്ന സാഹചര്യം മെഡിക്കല്‍ കോളേജുകളില്‍ വന്നാല്‍ അത് സാധാരണ രോഗികള്‍ക്കിടയില്‍ പോലും രോഗവ്യാപനത്തിന് കാരണമാവുകയും മെഡിക്കല്‍ കോളേജുകളുടെ ചികിത്സാ-അധ്യയന-പ്രവര്‍ത്തിപരിചയ പ്രവര്‍ത്തനങ്ങളെയും കോവിഡ്-ഇതര ചികിത്സയെയും അവതാളത്തിലാക്കുകയും ചെയ്യും. അതിനാല്‍ കാറ്റഗറി-സി വിഭാഗം രോഗികള്‍ക്ക് മാത്രമായി സേവനം നിയന്ത്രിക്കുന്നത് കോവിഡ്-ഇതര രോഗികള്‍ക്ക് ഇപ്പോള്‍ കുറഞ്ഞ ചിലവില്‍ ഏറ്റവും നല്ല ചികിത്സ ലഭ്യമാകുന്ന സാഹചര്യം തടസ്സമില്ലാതെ തുടരുന്നതിന് സഹായകമായിരിക്കും.
3. രണ്ടാം തരംഗത്തിന്റെ കൂടുതലായുള്ള വ്യാപനശേഷി കണക്കിലെടുത്തുകൊണ്ട് ഇതിനായി നിലവിലുള്ളതിനു പുറമെയായി കൂടുതല്‍ ICU കിടക്കകള്‍ മെഡിക്കല്‍ കോളേജുകളില്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുക. നിലവിലുള്ള സൗകര്യങ്ങള്‍ക്ക് പുറമേ കൂടുതല്‍ താല്‍ക്കാലിക-അതി തീവ്രചികിത്സാ വാര്‍ഡുകള്‍ ഒരുക്കേണ്ടത് ഈ അവസരത്തില്‍ അത്യന്താപേക്ഷിതമാണ്.
4. കാറ്റഗറി ബി-യില്‍ പെട്ട കോവിഡ് രോഗികളെ FLCTC കളിലും മറ്റു ആശുപത്രികളിലുമായി ചികില്സിക്കാനുള്ള സൗകര്യം ഉറപ്പാക്കുക. കാറ്റഗറി എ-യില്‍ ഉള്‍പ്പെടുന്ന രോഗികള്‍ക്ക് വീട്ടില്‍ തന്നെയുള്ള ചികിത്സ പ്രോത്സാഹിപ്പിക്കുകയും വീടുകളില്‍ കഴിയാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കായി ഐസൊലേഷന്‍ സൗകര്യങ്ങള്‍ ഒരുക്കുകയും വേണം. അതതു ജില്ലകളിലെ കാറ്റഗറി എ & ബി രോഗികളുടെ പൂര്‍ണമായ മേല്‍നോട്ടം സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഡിസ്ട്രിക്റ്റ് ഹെല്‍ത്ത് സെര്‍വിസിന്റെ കീഴില്‍ നിക്ഷിപ്തമാക്കുകയും ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരുടെ സേവനം അതിനായി ഉപയോഗിക്കുകയും ചെയ്യുക.
5. രോഗീചികിത്സ പോലെത്തന്നെ അതീവപ്രാധാന്യമര്‍ഹിക്കുന്നതാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പഠനവും. കഴിഞ്ഞ ഒരു വര്‍ഷമായി താറുമാറായി കിടക്കുന്ന മെഡിക്കല്‍ വിദ്യാഭ്യാസരംഗം വീണ്ടും പൂര്‍വസ്ഥിതി പ്രാപിക്കുന്നതേയുള്ളൂ. പഠനവും പ്രവൃത്തി പരിചയവും സമയബന്ധിതമായി അവസാനിപ്പിക്കാനും പരീക്ഷകള്‍ മുടങ്ങാതെ നടത്താനും ഉള്ള സാഹചര്യം ഉണ്ടാക്കുക. അനിശ്ചിതാവസ്ഥയില്‍ തുടരുന്ന കോവിഡ് മഹാമാരിയെ വരുംവര്‍ഷങ്ങളില്‍ നേരിടുന്നതിനുള്ള മനുഷ്യ വിഭവശേഷി കൈവരിക്കുന്നതിന് അത് സഹായകമായിരിക്കും.
6. സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളും അധ്യാപകരുടെയും ജൂനിയര്‍ ഡോക്ടര്‍മാരുടെയും ക്ഷാമം അനുഭവിക്കുകയാണ്. ഒഴിവുള്ള സ്ഥിരം തസ്തികകളില്‍ എത്രയും വേഗം നിയമനം നടത്തുകയും ജൂനിയര്‍ പോസ്റ്റുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനങ്ങള്‍ നടത്തി ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാനുള്ള നടപടികള്‍ എടുക്കുകയും വേണം. സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ലഭ്യത മെഡിക്കല്‍ കോളേജില്‍ നല്‍കിവരുന്ന കോവിഡ്-കോവിഡ് ഇതര രോഗീസേവനങ്ങള്‍ ഏറ്റവും ഫലപ്രദമായി നല്കാന് സഹായകമായിരിക്കും. അതുപോലെ തന്നെ നഴ്സിംഗ്, പാരാമെഡിക്കല്‍ വിഭാഗങ്ങളിലുമുള്ള ജീവനക്കാരുടെ കുറവും പരിഹരിച്ചാല്‍ മാത്രമേ ആശുപത്രിയുടെ പ്രവര്‍ത്തനം സുഗമമായി നടക്കുകയുള്ളൂ.
7. എറണാകുളം, മഞ്ചേരി, കൊല്ലം പോലുള്ള താരതമ്യേന പുതിയ കോളേജുകളില്‍ സ്ഥല-മനുഷ്യ വിഭവശേഷി കുറവാണ്. കോവിഡ് ഒന്നാം തരംഗ കാലത്തു ഈ മെഡിക്കല്‍ കോളേജുകള്‍ പൂര്‍ണ്ണമായും കോവിഡ് ആശുപത്രികളായി മാറ്റിയത് മെഡിക്കല്‍ വിദ്യാഭ്യാസത്തെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായ ഒരു തീരുമാനമായിരുന്നു. മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പഠനത്തെയും പ്രവര്‍ത്തിപരിചയ പരിശീലനത്തെയും പ്രതികൂലമായി ബാധിക്കുന്ന ഇത്തരം തീരുമാനങ്ങള്‍ ഭാവിയില്‍ ആരോഗ്യരംഗത്തിനു തന്നെ ദോഷകരമായേക്കാവുന്നതിനാല്‍ ഇത്തരം തീരുമാനങ്ങള്‍ പുനഃപരിശോധിക്കുക.
8. സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളും തന്നെ അതിനൂതനവും സങ്കീര്‍ണവുമായ വിവിധ രോഗചികിത്സാ സംവിധാനങ്ങളാലും യന്ത്രസാമഗ്രികളാലും സമ്പന്നമാണ്. മെഡിക്കല്‍ കോളേജുകളില്‍ ഇത്തരത്തില്‍ വിവിധ ചികിത്സാവിഭാഗങ്ങളിലായി പൊതുജനങ്ങള്‍ക്ക് കുറഞ്ഞചിലവില്‍ ചികിത്സ ലഭ്യമാക്കുന്നതിനായി ഉപയോഗിച്ചുവന്നിരുന്ന വിലപിടിച്ച പല ചികിത്സാ സാമഗ്രികളും ഉപകരണങ്ങളും ഉപയോഗശൂന്യമാകാനും അത്തരത്തിലുള്ള ചികിത്സാനിഷേധത്തിനും ആശുപത്രികളുടെ സാധാരണ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള കോവിഡ് ഒന്നാം തരംഗകാലത്തെ തീരുമാനം കാരണമായിട്ടുണ്ടായിരുന്നു. അതിനാല്‍ ആ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഒരു മെഡിക്കല്‍ കോളേജിനെയും പൂര്‍ണ്ണമായി എക്സ്ക്ലൂസിവ്-കോവിഡ് ആശുപത്രിയായി മാറ്റാതിരിക്കുക.
9. എല്ലാം സ്വകാര്യ ആശുപത്രികളുടെയും സേവനം കോവിഡ് ചികിത്സക്ക് പ്രയോജനപ്പെടുത്തണം. ഓരോ ആശുപത്രികളിലും ലഭ്യമായ സൗകര്യങ്ങളെ പറ്റി കൃത്യമായി അറിയുന്നതിനുള്ള കേന്ദ്രീകൃത സംവിധാനം ഓരോ ജില്ലകളിലുമായി ഒരുക്കുക. കൂടാതെ എ, ബി എന്നീ കാറ്റഗറിയിലുള്ള രോഗികളെ പ്രവേശിപ്പിക്കുന്ന കോവിഡ് സെന്ററുകളില്‍ ആയുഷ് ഡോക്ടര്‍മാരുടെ സേവനവും ഉപയോഗിക്കാവുന്നതാണ്.
10. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ചികിത്സയുടെ ഭാഗമായി ഓക്സിജന്‍ കൂടുതലായി ലഭ്യമാക്കേണ്ടതിന്റെ സാഹചര്യം ഉള്ളതായി കാണുന്നു. മറ്റുസംസ്ഥാനങ്ങളിലെ പോലെ നമ്മുടെ നാട്ടില്‍ ഓക്സിജന്‍ ക്ഷാമം ഇപ്പോള്‍ അനുഭവപ്പെടുന്നില്ലെങ്കിലും ഈ രോഗവ്യാപനം എത്രനാള്‍ നിലനില്ക്കും എന്ന് ഇപ്പോള്‍ പറയാനാവില്ല. ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഓക്സിജന്‍ ദൗര്‍ലഭ്യം ഒഴിവാക്കുന്നതിലേക്കായി സര്‍ക്കാരിതര-സ്വകാര്യ മേഖലകളിലേക്കുള്ള ഓക്സിജന്‍ വിതരണം ക്രമപ്പെടുത്തുകയും കൃത്യമായി ഓഡിറ്റ് ചെയ്യപ്പെടുകയും വേണം.
11. കോവിഡ് വാക്സിനേഷന് എത്രയും വേഗത്തില്‍ പരമാവധി ജനങ്ങളിലേക്ക് എത്തിച്ചാല്‍ അതുവഴി രോഗവ്യാപനത്തെ ഒരു പരിധിവരെ തടയാന്‍ സാധിക്കുകയും ചെയ്യും. അതിനായി കൂടുതല്‍ വാക്സിനേഷന് സെന്ററുകള്‍ ലഭ്യമാക്കുക വഴി അവിടെ ഉണ്ടാകാവുന്ന തിരക്കും രോഗവ്യാപനസാധ്യതയും കൂടി ഒഴിവാക്കാവുന്നതാണ്.
12. മെഡിക്കല്‍ കോളേജുകളില്‍ കിടപ്പുരോഗികളുടെ കൂടെ കൂട്ടിരിപ്പുകാരെ മാത്രം അനുവദിക്കാനും സന്ദര്‍ശകരെ പൂര്‍ണ്ണമായും ഒഴിവാക്കാനും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുക. വാക്സിന് എടുത്തവരോ കോവിഡ് രോഗബാധ ഇല്ലെന്ന് ഉറപ്പു വരുത്തിയവരോ ആയിരിക്കണം കൂട്ടിരിപ്പുകാര്‍ എന്ന് നിഷ്കര്‍ഷിക്കാവുന്നതാണ്. കൂടാതെ കുടുംബശ്രീ, മറ്റു സന്നദ്ധസംഘടനകള്‍ എന്നിവയുടെ സഹായത്തോടെ രോഗികളുടെ ആഹാരം, മറ്റു ആവശ്യങ്ങള്‍ എന്നിവ നേടിയെടുക്കാനുമുള്ള നടപടികള്‍ സ്വീകരിക്കുന്നത് നല്ലതായിരിക്കും.
13. ഓ.പി വിഭാഗത്തില്‍ വരുന്ന രോഗികളെ അനുഗമിക്കുന്നവരുടെ എണ്ണവും നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. കഴിയുമെങ്കില്‍ പൂര്‍ണ്ണമായും ഒരു റെഫെറല്‍ സംവിധാനത്തിലൂടെ ഓ.പി നിയന്ത്രിക്കുന്നത് വഴി മെഡിക്കല്‍ കോളേജൂകളിലെ തിരക്ക് ഒഴിവാക്കാനും അര്‍ഹരായ രോഗികള്‍ക്ക് മാത്രമായി സേവനം ഉറപ്പുവരുത്താനും സാധിക്കും. മെഡിക്കല്‍ കോളേജ് പരിസരത്തു എല്ലാ തരത്തിലുള്ള ആള്‍ക്കൂട്ടങ്ങളെയും നിയമപരമായി തന്നെ നിയന്ത്രിക്കാനുള്ള നടപടികള്‍ ഉണ്ടാക്കുക.
14. കോവിഡ് രണ്ടാംതരംഗത്തിന്റെ വ്യാപനം അതിതീവ്രമായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ സമ്പര്‍ക്കം മൂലമുള്ള രോഗവ്യാപനം ഏറ്റവും കുറയ്ക്കുക എന്നതാണ് പ്രതിരോധത്തിനുള്ള ഏറ്റവും ഫലപ്രദമായ ഒരു മാര്‍ഗ്ഗം. മാത്രമല്ല ജനിതക മാറ്റം സംഭവിച്ചിട്ടുള്ള പുതിയ വൈറസ് (യൂ.കെ സ്ട്രെയിന്‍) ആണിപ്പോള്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് കണ്ടെത്തിയിട്ടുള്ളത്. അതീവ പ്രഹരശേഷിയുള്ളതും യുവാക്കളില്‍ പോലും ഗുരുതരമായ രോഗം ഉണ്ടാക്കുന്നതും മരണനിരക്ക് താരതമ്യേന ഉയര്‍ന്നതുമായ ഈ വൈറസിന്റെ വ്യാപനത്തെ എങ്ങിനെയും പ്രതിരോധിക്കേണ്ടത് ഈ അവസരത്തില്‍ ഏറ്റവും പ്രധാനമാണ്. ഇതിനായി സര്‍ക്കാര്‍ അടുത്ത രണ്ടാഴ്ച്ചത്തേക്കെങ്കിലും സംസ്ഥാന വ്യാപകമായി ലോക്ക്ഡൌണ്‍ തന്നെ നടപ്പിലാക്കുന്നതായിരിക്കും ഉചിതമായിരിക്കുക എന്നാണ് കെ.ജി.എം.സി.റ്റി.എ നിര്‍ദ്ദേശിക്കുന്നത്.
ഒരുപാട് വ്യക്തിപരമായ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചുകൊണ്ടും കടുത്ത മാനസിക സമ്മര്‍ദ്ദം അതിജീവിച്ചുകൊണ്ടുമാണ് മെഡിക്കല്‍ കോളേജുകളിലെ അധ്യാപകരും ഇതരജീവനക്കാരും കഴിഞ്ഞ കോവിഡ് ഒന്നാംതരംഗകാലത്തു ജോലി ചെയ്തിട്ടുള്ളത്. കൂടുതല്‍ വിനാശകരമായ രണ്ടാംതരംഗം നേരിടാന്‍ പ്രതികൂല സാഹചര്യങ്ങളിലും തയ്യാറെടുക്കുന്ന കോവിഡ് മുന്നണി പോരാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയേകുന്ന തരത്തിലുള്ള അനുഭാവ പൂര്‍ണമായ സമീപനം സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് സംഘടന പ്രത്യാശിക്കുന്നു.
നിപ്പയുടെയും കോവിഡിന്റേയും മുന്വ്യാപനങ്ങളെ നിയന്ത്രണ വിധേയമാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുള്ളതാണ്. കോവിഡിന്റെ അതീവ പ്രഹരശേഷിയോടു കൂടിയ ഈ രണ്ടാം തരംഗത്തെയും ഫലപ്രദമായി നേരിടാമെന്ന ആത്മവിശ്വാസത്തോടെയാണ് കെ.ജി.എം.സി.ടി.എ. നിര്‍ദേശങ്ങള്‍ അവസാനിപ്പിക്കുന്നത്.