മണിക്കൂറുകള്‍ ബാക്കി. കേരളം അടുത്ത അഞ്ച് വര്‍ഷം ആര് ഭരിക്കുമെന്ന് നാളെ അറിയാം. വോട്ടെണ്ണലിനും ഫലപ്രഖ്യാപനത്തിനുമുള്ള ഒരുക്കങ്ങള്‍ എല്ലാ ജില്ലകളിലും പൂര്‍ത്തിയായി. ഭരണത്തുടര്‍ച്ചയോ ഭരണമാറ്റമോ എന്ന ചോദ്യത്തിന് നാളെ ഉത്തരമാകും. തൂക്കുസഭയാണെങ്കില്‍ അസാധാരണ സാഹചര്യവും വരാം.
കൃത്യം എട്ടുമണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. എട്ടുമണിക്ക് പോസ്റ്റല്‍ വോട്ടാണ് എണ്ണി തുടങ്ങുക. എട്ടരക്ക് ഇലക്ട്രേണിക്ക് വോട്ടിംങ് മെഷിനുകളും എണ്ണാനാരംഭിക്കും. 114 കേന്ദ്രങ്ങളില്‍ 633 ഹാളുകളാണ് വോട്ടെണ്ണുന്നതിനായി ഒരുക്കിയിരിക്കുന്നത്.
106 എണ്ണത്തില്‍ പോസ്റ്റല്‍ വോട്ടുകളാവും എണ്ണുക. 527 ഹാളുകള്‍ ഇവിഎമ്മുകള്‍ക്കായാണ് സജ്ജീകരിച്ചിരിക്കുന്നത്. കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങളാണ് എല്ലാ വോട്ടെണ്ണല്‍കേന്ദ്രത്തിലും പാലിക്കേണ്ടത്. നിശ്ചിത സമയത്തിനുള്ളില്‍ കോവിഡ് പരിശോധന നടത്തി ഫലം നെഗറ്റീവായവര്‍ക്കും രണ്ട് ഡോസ് വാക്സീന് സ്വീകരിച്ചവര്‍ക്കും മാത്രമെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രവേശനമുണ്ടാകൂ. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടം അനുവദിക്കില്ല, ആഹ്ലാദ പ്രകടനങ്ങളും നിരോധിച്ചിട്ടുണ്ട്.
ഫലമറിയാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റായ https://results.eci.gov.in/ ല്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനനുസരിച്ച് വിവരങ്ങള്‍ ലഭിക്കും. കമ്മിഷന്റെ ‘വോട്ടര്‍ ഹെല്പ്ലൈന് ആപ്പി’ലൂടെയും ഫലം അറിയാം. അതേസമയം വോട്ടെണ്ണലിന്റെയും ഫലസൂചനകളുടെയും ആദ്യവിവരം മാധ്യമങ്ങള്‍ക്ക് തരില്ല എന്ന നിലപാടിലാണ് കമ്മിഷന്. ഇതിനായുള്ള പ്രത്യേക സോഫ്റ്റ്വെയറും പിന്‍വലിച്ചു. പകരം സംവിധാനം ഒരുക്കിയുമില്ല.


