ന്യൂഡല്‍ഹി: കൊച്ചി, മധുര തിരുവനന്തപുരം വിമാനത്താവളങ്ങളെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് ശബരിമല എയര്‍പോര്‍ട്ടിന് അനുമതി നല്‍കാനാവുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചതായി പ്രൊ. കെ വി തോമസ്. കേന്ദ്ര മന്ത്രിയുമായി രാജീവ് ഗാന്ധി ഭവനില്‍ നടന്ന കൂടിക്കാഴ്ചക്ക് ശേഷം മാധ്യങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ആവശ്യങ്ങളിങ്ങനെ
കോഴിക്കോട് വിമാനത്താവളത്തിന്റെ വണ്‍വേ ദീര്‍ഘിപ്പിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണം, സീസണുകളില്‍ വിമാന ടിക്കറ്റ് നിരക്ക് വര്‍ധനവ് നിയന്ത്രിക്കുന്നതിന് കൂടുതല്‍ സീറ്റുകള്‍ ലഭ്യമാക്കുന്നതിനും കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിനും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ശ്രമങ്ങളുണ്ടാവണം, കാസര്‍കോഡ്, പെരിയ എയര്‍സ്ട്രിപ്പ് അനുമതി, കണ്ണൂര്‍ എയര്‍പോര്‍ട്ടിന് പോയിന്റ് ഓഫ് കോള്‍ അനുമതി, കേരളത്തിന്റെ ഏവിയേഷന്‍ അക്കാദമി വിപുലികരിക്കുന്നതിനുള്ള നടപടി വേണം. കൊച്ചി വിമാനത്താവളത്തെ പ്രത്യേക കേസായി പരിഗണിച്ച്, വിദേശ അഡ്ഹോക്ക്, നോണ്‍-ഷെഡ്യൂള്‍ഡ് ഫ്രെയിറ്റര് ചാര്‍ട്ടര്‍ സര്‍വീസ് ഫ്ലൈറ്റുകളുടെ പ്രവര്‍ത്തനം അനുവദിക്കുന്നത് പെരിഷബിള്‍ ഗുഡ്സിന്റെ നീക്കം വേഗത്തിലാക്കാന്‍ സഹായിക്കുമെന്നും അതിനുള്ള നടപടികള്‍ ഉണ്ടാവണമെന്നും കെ വി തോമസ് ആവശ്യപ്പെട്ടു.
ആവശ്യപ്പെട്ട കാര്യങ്ങളില്‍ എല്ലാം അനുകൂല സമീപനമാണ് മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും കെ വി തോമസ് പറഞ്ഞു