നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം റേഞ്ച് റോവറിന്റെ അതീവ സുരക്ഷാ വകഭേദം സെന്റിനെലും ഔദ്യോഗിക വാഹനമായി. ആകാശയാത്രയ്ക്കായി ബോയിങ് 777 – 400 ഇആർ വിമാനം ഉപയോഗിക്കുന്നു. ഇന്ത്യൻ വ്യോമസേനയ്ക്കാണ് ഈ വിമാനത്തിന്റെ ചുമതല. എയർ ഇന്ത്യ വൺ എന്ന പേരിലാണ് അറിയപ്പെടുന്നത്.

അത്യാധുനിക സുരക്ഷാ സംവിധാനമുള്ള സെൻസർ പാളികളാണു പ്രധാനമന്ത്രിയുടെ കാറിന്റെ സവിശേഷത. ബോഡിയും ജനാലകളും പൂർണമായി ബുള്ളറ്റ് പ്രൂഫ്. സ്ഫോടനങ്ങളെ അതിജീവിക്കാനുള്ള കഴിവുണ്ട്.
പ്രതിരോധത്തിനായി സായുധ കവചവും ഓക്സിജൻ സംഭരണ ശേഷിയുള്ള ഗ്യാസ് പ്രൂഫ് ചേംബറും ഒരുക്കിയിട്ടുണ്ട്. അപകട ഘട്ടങ്ങളിൽ പരുക്കേൽക്കാതെ പുറത്തിറങ്ങാൻ എമർജൻസി വാതിലുണ്ട്.
സ്ഫോടക വസ്തുക്കളുടെ സാന്നിധ്യം തിരിച്ചറിയാൻ കഴിവുള്ള സെൻസറുകൾ ടയറുകളിൽ ഘടിപ്പിച്ചിട്ടുണ്ട്. പൊട്ടിത്തെറി അതിജീവിക്കാൻ ശേഷിയുള്ള ഇന്ധന ടാങ്കാണ് ഈ വാഹനങ്ങൾക്ക്. നാഷനൽ ഡിഫൻസ് അക്കാദമിയിൽനിന്നു പരിശീലനം പൂർത്തിയാക്കിയ മികച്ച ഡ്രൈവർമാരാണു വാഹനം നിയന്ത്രിക്കുന്നത്.

ഏതാണ്ട് മുപ്പതോളം വാഹനങ്ങളാണു പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തിലുണ്ടാവുക. ഇതിൽ ഏതാനും കാറുകൾ ജാമറുകൾ ഉൾപ്പെടെ ഉപകരണങ്ങൾ സ്ഥാപിച്ചവയാണ്. സുരക്ഷാവിഭാഗം ഉപയോഗിക്കുന്ന വാഹനങ്ങൾക്കു പുറമെ പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, ഉദ്യോഗസ്ഥ സംഘം, വിവിഐപിയെ അനുഗമിക്കുന്ന മാധ്യമസംഘം എന്നിവരും വാഹനവ്യൂഹത്തിലുണ്ടാകും. ഇതുകൂടാതെ ഡോക്ടർമാരടക്കമുള്ള ആംബുലൻസ് സംവിധാനങ്ങളും ഒപ്പമുണ്ടാകും.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എസ്യുവി പ്രേമം അങ്ങാടി പാട്ടാണ്. ഔദ്യോഗിക വാഹനം ബിഎംഡബ്ല്യുവിന്റെ അതിസുരക്ഷ ഫീച്ചറുകളുളള സെവന് സീരീസ് ആണെങ്കിലും ഇടയ്ക്കിടെ എസ്യുവികളിലും മോദി സഞ്ചരിക്കാറുണ്ട്. എസ്പിജിയുടെ റേഞ്ച് റോവർ സെന്റിനലിലും, ലാന്റ് ക്രൂസറിലും മോദി സഞ്ചരിക്കാറുണ്ട്. ഇതുകൂടാതെ സുരക്ഷ ഉദ്യോഗസ്ഥർക്ക് സഞ്ചരിക്കാൻ 8 മുതൽ 10 വരെ ബിഎംഡബ്ല്യു എകസ് 5 സെക്യൂരിറ്റി പ്ലസുമുണ്ട്. ഇവയെല്ലാംതന്നെ അതു സുരക്ഷാ വാഹനങ്ങളാണ്.
പ്രധാനമന്ത്രിയുടെ മെഡിക്കൽ സംഘത്തിന് സഞ്ചരിക്കാൻ അത്യാധുനിക സൗകര്യങ്ങൾ ഒരുക്കിയ മെഴ്സിഡീസ് ബെൻസിന്റെ സ്പിന്റർ വാനും ഇലക്ട്രോണിക് കൗണ്ടർമെഷർ വാഹനമായി ഒരു ടാറ്റ സഫാരിയുമുണ്ടാകും പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തിൽ.

ബിഎംഡബ്ല്യു 7 സീരിസ് ഹൈസെക്യൂരിറ്റി
മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്താണ് അതിസുരക്ഷാ ബിഎംഡബ്ല്യു പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി വാങ്ങുന്നത്. എസ്പിജിയുടെ നിർദേശപ്രകാരമായിരുന്നു ആ മാറ്റം. പിന്നീട് അധികാരത്തിലെത്തിയ മോദിയുടെ സെവൻ സീരിസിനെ അടിസ്ഥാനപ്പെടുത്തിയ ഹൈസെക്യൂരിറ്റി വാഹനമാണ് ഉപയോഗിക്കുന്നത്. ഇന്ത്യയിൽ ഇറക്കുമതി ചെയ്യുമ്പോൾ എകദേശം എട്ടരക്കോടി രൂപ വിലയുള്ള ഈ വാഹനം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കാറുകളിലൊന്നാണ്. മെഷിൻ ഗണ്ണിനെയും ഗ്രനേഡിനെയും പ്രതിരോധിക്കാനും കുഴിബോംബിന്റെ സ്ഫോടനം പോലും തടയാനുമുള്ള ശേഷിയുണ്ട് ഈ കാറിന്. എന്നാൽ ഈ വാഹനത്തിന്റെ രാജ്യാന്തര നിലവാരത്തിൽ എന്ന് എന്തൊക്കെ മാറ്റങ്ങളാണ് എസ്പിജി വരുത്തിയിരിക്കുന്നത് എന്നത് അവ്യക്തമാണ്.
വിആർ സെവൻ ബാലിസ്റ്റിക് പ്രൊട്ടക്ഷൻ സ്റ്റാൻഡേഡ് പ്രകാരമാണ് ബിഎംഡബ്ല്യു 7 സീരിസ് നിർമിച്ചിരിക്കുന്നത്. സാധാരണ സെവൻ സീരീസിൽനിന്നു വലിയ വ്യത്യാസം കാഴ്ചയിൽ ഈ കാറിനില്ല. അത്യാഡംബരം നിറഞ്ഞതാണ് ഉൾവശം. പഞ്ചറായായാലും ഏതെങ്കിലും കാരണത്താല്‍ ടയര്‍ പൊട്ടിയാലും വാഹനത്തിനു സഞ്ചരിക്കാൻ സാധിക്കും. ഹാന്‍ഡ് ഗ്രനേഡുകള്‍, വെടിയുണ്ട, ലാന്‍ഡ് മൈന്‍ എന്നിവയെ ചെറുക്കാൻ ശേഷിയുള്ള ബോഡിയാണ് കാറിന്റേത്. കൂടാതെ രാസായുധങ്ങള്‍, സ്നിപ്പറുകള്‍ തുടങ്ങിയവയെയും തടയും.

