കോല്‍ക്കത്ത: പശ്ചിമബംഗാളില്‍ മിഡ്നാപുര് ജില്ലയില്‍ ക്രിസ്ത്യന്‍ പ്രാര്‍ഥനാലയത്തിന് ബോംബേറ്. ജയ് ശ്രീറാം വിളിച്ചുകൊണ്ട് എട്ടംഗ സംഘം ആരാധനാലയത്തിന് നേരെ ബോംബുകള്‍ എറിയുകയും അകത്തുകടന്നു സാധനസാമഗ്രഹികള്‍ നശിപ്പിക്കുകയുമായിരുന്നു. ബിജെപി, ആര്‍എസ്എസ് ബന്ധമുണ്ടെന്നു സംശയിക്കുന്നവരാണ് ആക്രമണം നടത്തിയതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
മിഡ്നാപുര് ജില്ലയിലെ ഭഗവാന്പുരില് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം. പ്രാര്‍ഥനയ്ക്കായി ആളുകള്‍ ആലയത്തില്‍ ഒരുമിച്ച് കൂടിയപ്പോഴായിരുന്നു ആക്രമണമുണ്ടായത്. പ്രാര്‍ഥനാലയത്തിന് നേരെ അക്രമികള്‍ രണ്ട് ബോംബുകള്‍ എറിഞ്ഞു. ഉഗ്രശബ്ദം കേട്ട് ആളുകള്‍ ഭയന്നോടിയപ്പോള്‍ ഉള്ളില്‍കടന്നു കസേരകള്‍, മേശകള്‍, ജനല്‍ചില്ലുകള്‍, മൈക്രോഫോണുകള്‍ തുടങ്ങിയ അടിച്ചു തകര്‍ക്കുകയായിരുന്നു.
പാസ്റ്റര്‍ അലോക് ഘോഷിന്റെ പരാതിയില്‍ പ്രാദേശിക ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന കരുതുന്ന എട്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് മൂന്നു പേരെ ഇതുവരെ അറസ്റ്റ് ചെയ്തതായും ജില്ലാ പോലീസ് സൂപ്രണ്ട് അറിയിച്ചു. അതേസമയം, ആക്രമണത്തിന് ബിജെപി ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ നിഷേധിച്ച് പാര്‍ട്ടി ജില്ലാ നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. സംഭവുമായി യാതൊരു ബന്ധവുമില്ലെന്ന് ബിജെപി പ്രതികരിച്ചു.


