ദില്ലി: മുൻ കേന്ദ്ര ധനകാര്യ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി നീട്ടി. 14 ദിവസത്തേക്കാണ് നീട്ടിയത്.
ഐഎൻഎക്സ് മീഡിയ അഴിമതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് ചിദംബരം ജയിലിലുള്ളത്. കേസിൽ സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ചിദംബരത്തിന് സുപ്രീം കോടതി ഒക്ടോബർ 22 ന് ജാമ്യം അനുവദിച്ചിരുന്നു.
ചിദംബരത്തിന് ജാമ്യം അനുവദിക്കരുതെന്ന സിബിഐ വാദം കോടതി തള്ളുകയായിരുന്നു. നേരത്തെ കേസിൽ മുൻകൂർ ജാമ്യത്തിന് ചിദംബരം കോടതിയെ സമീപിച്ചപ്പോൾ ചിദംബരം പുറത്തിറങ്ങുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും സാക്ഷികൾ സ്വാധീനിക്കപ്പെടുമെന്നും സിബിഐ വാദിച്ചിരുന്നു. കേസിൽ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ഇനി ജാമ്യം അനുവദിക്കുന്നതിന് തടസമില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഓഗസ്റ്റ് 21ന് ആണ് അഴിമതിക്കേസിൽ പി ചിദംബരത്തെ സിബിഐ കസ്റ്റഡിയിലെടുത്തത്. സെപ്റ്റംബർ 5ന് ജുഡീഷ്യൽ കസ്റ്റഡിയിൽ തിഹാർ ജയിലിലേക്ക് മാറ്റി. ഐഎൻഎക്സ് മീഡിയ എന്ന മാധ്യമ കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാൻ വഴിയൊരുക്കിയതിന് പ്രതിഫലമായി പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് ആരോപണം. ഇന്ദ്രാണി മുഖർജി, പീറ്റർ മുഖർജി എന്നിവരുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഐഎൻഎക്സ് മീഡിയ.


