ന്യൂഡല്‍ഹി: രാജ്യത്ത് അണ്‍ലോക്ക് നാലാംഘട്ട മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 1 മുതല്‍ 30 വരെയാണ് അണ്‍ലോക്ക് നാലാംഘട്ടം. സെപ്റ്റംബര്‍ ഏഴു മുതല്‍ ഗ്രേഡ് രീതിയില്‍ മെട്രോ സര്‍വീസുകള്‍ നടത്താന്‍ അനുമതി നല്കി. 21 മുതല്‍ 100 പേര്‍ക്കുവരെ പങ്കെടുക്കാവുന്ന പൊതുപരിപാടികള്‍ നടത്താനും അനുമതിയുണ്ട്. കായികം, വിനോദം, മതം, രാഷ്ട്രീയം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് 100 പേരുടെ പരിധിയില്‍ അനുമതിയുള്ളത്.
സെപ്റ്റംബര്‍ 21 മുതല്‍ ഓപ്പണ്‍ എയര്‍ തിയറ്ററുകളില്‍ പരിപാടികള്‍ നടത്താം. ഓണ്‍ലൈന്‍ ടീച്ചിങ്-ടെലി കൗണ്‍സിലിങ് എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് സെപ്റ്റംബര്‍ 21 മുതല്‍ സ്കൂളുകളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് എത്തിചേരാം. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം. കണ്ടെയിന്മെന്റ് സോണുകളില്‍ ഇളവുകളൊന്നും ബാധകമല്ല. വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ഇന്‍ഡോര്‍ തിയറ്ററുകള്‍, സ്വിമ്മിങ് പൂളുകള്‍ സിനിമാ തിയേറ്ററുകള്‍ സ്വിമ്മിങ് പൂളുകള്‍ എന്നിവ ഈ ഘട്ടത്തിലും തുറക്കില്ല.