മുംബൈയിൽ ഐസ് ക്രീമിൽ മനുഷ്യ വിരലിന്റെ ഭാഗങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ഡിഎൻഎ ഫലം പുറത്ത്. ഐസ് ക്രീം തയ്യാറാക്കിയ പൂനെ ഫാക്ടറിയിലെ ജീവനക്കാരന്റെ വിരലിന്റെ ഭാഗങ്ങളാണെന്ന് പൊലീസ് പറഞ്ഞു. സംസ്ഥാന ഫൊറൻസിക് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.ഫാക്ടറി ജീവനക്കാരനായ ഓംകാർ പോട്ടെയുടെ വിരലിൻ്റെ ഭാഗങ്ങളാണ് ഇവ. ഐസ് ക്രീം തയ്യാറാക്കുന്ന യന്ത്രത്തിൽ കുടുങ്ങിയ ഐസ് ക്രീം ബോക്സിൻ്റെ മൂടി വീണ്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ ഇയാളുടെ വിരൽ യന്ത്രത്തിൽ കുടുങ്ങിയതായിരുന്നു.
ഗുണനിലവാര പരിശോധന നടത്താൻ ചുമതലപ്പെടുത്തിയ വ്യക്തി ആരാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അന്വേഷിക്കും. ജൂൺ 12നാണ് മലാഡ് ആസ്ഥാനമായുള്ള ഡോക്ടർ ബ്രണ്ടൻ ഫെറാവോ എന്നയാൾ ഡെലിവറി ആപ്പ് വഴി മൂന്ന് യുമ്മോ ഐസ്ക്രീമുകൾ ഓർഡർ ചെയ്തത്.ഒരു മാസം മുൻപാണ് ഐസ്ക്രീം നിർമിച്ചത്. അതിനു ശേഷം പുണെ ഹഡപ്സറിലെ ഗോഡൗണിൽ എത്തിച്ചു. അവിടെ നിന്നാണ് മലാഡിൽ വിതരണത്തിന് എത്തിയത്. ഈ ഐസ് ക്രീമിൻ്റെ ഗുണനിലവാര പരിശോധന നടത്താൻ ചുമതലപ്പെടുത്തിയവർക്കെതിരെയും അന്വേഷണം ഉണ്ടാകും.


