ഹരിദ്വാര്‍: ഉത്തരാഖണ്ഡില്‍ ആറു വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ചു കൊന്ന കേസില്‍ സെക്യൂരിറ്റി ജീവനക്കാരന് അറസ്റ്റില്‍.ഹരിദ്വാര്‍ സ്വദേശിയായ സോനുവാണ് പിടിയിലായത.മദ്യലഹരിയിലായിരുന്നു പ്രതി കുറ്റകൃത്യം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസമാണ് കുട്ടിയുടെ മൃതദേഹം ശ്യാംപുരില് നിന്നു കണ്ടെത്തിയത്. ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

എന്നാല്‍ കുറ്റകൃത്യത്തില്‍ മറ്റൊരാള്‍ക്കും പങ്കുണ്ടെന്നു കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു. സംഭവം നടക്കുന്നതിനു മൂന്നു ദിവസം മുന്‍പു സോനുവും മറ്റൊരാളും കൂടി മാതാപിതാക്കളുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും അതിനുശേഷം ജോലിക്കു പോയിട്ടില്ലെന്നും അവര്‍ പറഞ്ഞു. കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ കേസില്‍ രണ്ടാമന്റെ പങ്ക് അന്വേഷിക്കുമെന്നു പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ച, കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ കാണാതാകുന്നത്. കുട്ടിയുടെ വീടിനടുത്തുള്ള കോഴി ഫാമിലെ സെക്യൂരിറ്റി ജീവനക്കാരനായ സോനു, സമീപമുള്ള വനപ്രദേശത്തേക്ക് കുട്ടിയെ വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. കുട്ടി കരഞ്ഞപ്പോള്‍ ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കള്‍ ജോലിചെയ്യുന്ന പാടത്തു നിന്ന് 600 മീറ്റര്‍ മാത്രം അകലെ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.


