ഡൽഹി : കഴിഞ്ഞ വർഷം സെപ്തംബർ ഒന്നിന് നടപ്പാക്കിയ എക്സൈസ് നയം ആറ് മാസത്തേക്ക് കൂടി നീട്ടി ഡൽഹി സർക്കാർ. പുതിയ നയം അനുസരിച്ച് സർക്കാർ ഉടമസ്ഥതയിലുള്ള ഏജൻസികൾ മാത്രമേ മദ്യശാലകൾ പ്രവർത്തിപ്പിക്കുകയുള്ളൂ. സെപ്തംബർ 30ന് പഴയ എക്സൈസ് നയം അവസാനിക്കാനിരിക്കെയാണ് ഈ സർക്കാർ തീരുമാനം.
കഴിഞ്ഞ വർഷം ജൂലൈയിൽ ലഫ്റ്റനന്റ് ഗവർണർ വി കെ സക്സേന പുതിയ നയത്തിനെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നു. ഇതേ തുടർന്ന് സർക്കാർ പുതിയ നയം റദ്ദാക്കുകയും പഴയ നയം പിന്തുടരുകയും ചെയ്തു.
പുതിയ നയം തയ്യാറാക്കി നടപ്പാക്കുന്നത് വരെ വരുന്ന ഇടവേള ക്രമീകരിക്കാനാണ് ഡൽഹി സർക്കാർ നിലവിലുള്ള എക്സൈസ് നയം നീട്ടിയത്. 2023 മാർച്ച് 31-ന് അവസാനിക്കുന്നതായിയുന്നു പഴയ നയം. എന്നാൽ ഡൽഹി സർക്കാർ സെപ്റ്റംബർ 30 വരെ ആറ് മാസത്തേക്ക് നീട്ടുകയായിരുന്നു.
അതേസമയം ഓഗസ്റ്റിൽ ബാറുകളുള്ള ഹോട്ടലുകൾ, ക്ലബ്ബുകൾ, റസ്റ്റോറന്റുകൾ എന്നിവ നടത്തുന്ന ഉടമസ്ഥരും കമ്പനി പങ്കാളികളും പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നത് എക്സൈസ് വകുപ്പ് നിർബന്ധമാക്കിയിരുന്നു.
എക്സൈസ് ലൈസൻസ് കൈവശം വച്ചിരിക്കുന്ന വ്യക്തി ധാർമ്മിക സ്വഭാവമുള്ളയാളാണെന്നും ക്രിമിനൽ റെക്കോർഡ് ഇല്ലാത്തയാളാണെന്നും ഉറപ്പാക്കാനാണ് വകുപ്പിന്റെ ഈ നടപടി.
നഗരത്തിൽ എച്ച്സിആർ കാറ്റഗറിയിലുള്ള 970-ലധികം ലൈസൻസികളുണ്ട്. ഏകദേശം 400 എച്ച്സിആർ കാറ്റഗറി ലൈസൻസികൾ പരിശോധനയ്ക്കായി പോലീസിനെ സമീപിച്ചിട്ടുണ്ടെന്ന് ബാറുടമകൾ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
എച്ച്സിആർ കാറ്റഗറി ലൈസൻസ് തേടുന്ന പ്രധാന അപേക്ഷകന്റെ സ്വഭാവം പരിശോധിച്ചുറപ്പിക്കുന്നത് ഡൽഹി പോലീസാണ്. കൂടാതെ ഡയറക്ടർമാരുടെയും പങ്കാളികളുടെയും സ്വഭാവം പരിശോധിക്കുന്നതിനും എക്സൈസ് വകുപ്പ് അനുമതി നൽകിയിട്ടുണ്ട്.


