ന്യൂഡല്‍ഹി: തനിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ അസംഖാന് മാപ്പുപറഞ്ഞാലും അദ്ദേഹത്തോട് പൊറുക്കാനാവില്ലെന്ന് ബി.ജെ.പി. എം.പി. രമാദേവി. അശ്ലീല പരാമര്‍ശം നടത്തിയും അതില്‍ മാപ്പ് പറയാന്‍ തയ്യാറാകാതെയും അസംഖാന് ചെയറിനെ അപമാനിച്ചെന്നും രമാദേവി പറഞ്ഞു.
അസംഖാന് അശ്ലീല പരാമര്‍ശം നടത്തിയ സമയത്ത് താനായിരുന്നു സഭ നിയന്ത്രിച്ചിരുന്നത്. എല്ലാ അംഗങ്ങളെയും താന്‍ ഒരു പോലെയാണ് കാണുന്നത്. അദ്ദേഹത്തോട് എം.പിമാരെ നോക്കി സംസാരിക്കാതെ ചെയറിനെ നോക്കി സംസാരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഒരിക്കലും ആവര്‍ത്തിക്കാനാവാത്ത വാക്കുകളാണ് അദ്ദേഹം പറഞ്ഞതെന്നും രമാദേവി എന്‍.ഡി. ടി.വിയ്ക്ക് നല്കിയ പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി.
അസംഖാന്റെ പരാമര്‍ശം സ്ത്രീകളുടെ മാത്രമല്ല, പുരുഷന്മാരുടെയും അന്തസ്സിനെ കളങ്കപ്പെടുത്തുന്നതാണെന്നും അവര്‍ പറഞ്ഞു.
വ്യാഴാഴ്ച ലോക്സഭ സമ്മേളനത്തില്‍ മുത്തലാഖ് ബില്ലിന്മേല് നടന്ന ചര്‍ച്ചയ്ക്കിടെയാണ് സമാജ് വാദി പാര്‍ട്ടി എം.പി. അസംഖാന് രമാദേവിക്കെതിരേ അശ്ലീലപരാമര്‍ശം നടത്തിയത്. അസംഖാന്റെ പരാമര്‍ശത്തിനെതിരെ ബി.ജെ.പി. എം.പിമാര്‍ ഒന്നടങ്കം പ്രതിഷേധിച്ചെങ്കിലും അദ്ദേഹം മാപ്പു പറയാന്‍ തയ്യാറായിരുന്നില്ല. താന്‍ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു അസംഖാന്റെ പ്രതികരണം. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും അസംഖാനെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.


