ന്യൂഡല്‍ഹി: സ്കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് ഇന്ത്യ ഒഴിവാക്കി ഭാരതം എന്നാക്കി മാറ്റാനുള്ള ശിപാര്‍ശക്കെതിരേ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.
ഗോവിന്ദന്. ആര്‍എസ്എസ് തിട്ടൂരം കൊണ്ട് മാറുന്നതല്ല ഇന്ത്യ എന്ന പേരെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ കൂട്ടായ്മയുടെ പേര് ഇന്ത്യ എന്നായതാണ് ഈ നീക്കത്തിന് പിന്നിലെന്നും ഹിന്ദുത്വ അജണ്ടയിലേക്ക് രാജ്യത്തെ നയിക്കാനുള്ള കൈവഴികളാണ് ഇതൊക്കെയെന്നും എം.വി. ഗോവിന്ദന് പറഞ്ഞു. മുന്‍പ് പേര് മാറുന്നതില്‍ സുപ്രീം കോടതി നിലപാട് തേടിയപ്പോള്‍ കേന്ദ്രം പേര് മാറില്ലെന്നാണ് മറുപടി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.സവര്‍ക്കറുടെ നിലപാടാണ് ഇതെന്നും ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് മലയാളിയായ പ്രഫ. സി.ഐ. ഐസക് അധ്യക്ഷനായ എന്‍സിഇആര്‍ടിയുടെ സോഷ്യല്‍ സയന്‍സ് സമിതി സമര്‍പ്പിച്ച നിലപാടുരേഖയിലാണ് വിവാദ ശിപാര്‍ശ.
പാഠഭാഗങ്ങളിലെ മാറ്റം അടക്കം സമിതി നല്കിയ മൂന്ന് ശിപാര്‍ശകളില്‍ ഒന്നാണ് ഇന്ത്യക്ക് പകരം ഭാരത് എന്ന് ഉപയോഗിക്കുക എന്നത്.
പ്രാചീന ചരിത്രത്തെ ക്ലാസിക്കല്‍ ചരിത്രമെന്ന് പുനഃര്‍നാമകരണം ചെയ്യണമെന്നും ഭാരതത്തിന്റെ പുരാതന ജ്ഞാനസ്രോതസുകളെ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തുന്നതിന് ഭാരതീയ ജ്ഞാനവ്യവസ്ഥ (ഇന്ത്യന്‍ നോളജ് സിസ്റ്റം – ഐകെഎസ്) സിലബിസിന്റെ ഭാഗമാക്കണമെന്നും സമിതി ശിപാര്‍ശ ചെയ്തു.എന്നാല്‍, ഇതു സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരണം നടത്താന്‍ സമയമായിട്ടില്ലെന്നാണ് എന്‍സിആര്‍ടിയുടെ പ്രതികരണം.


