ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ കഴിഞ്ഞ ആഴ്ച ആള്‍ക്കൂട്ടം 24 വയസുകാരനെ അടിച്ചു കൊലപ്പെടുത്തിയ സംഭവം തനിക്ക് വേദനയുണ്ടാക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ അതിന്റെ പേരില്‍ ജാര്‍ഖണ്ഡിനെ ആള്‍ക്കൂട്ട ആക്രമണങ്ങളുടെ കേന്ദ്രമെന്ന് വിളിക്കരുതെന്നും മോദി പറഞ്ഞു. രാജ്യസഭയില്‍ രാഷ്ട്രപതിക്ക് നന്ദി അറിയിച്ചുകൊണ്ട് സംസാരിക്കുന്നതിനിടെയാണ് മോദി ഇങ്ങനെ പറഞ്ഞത്.
ജാര്‍ഖണ്ഡിലെ സംഭവത്തില്‍ എനിക്ക് വേദനയുണ്ട്. മറ്റുള്ളവര്‍ക്കും ദുഃഖമുണ്ടാകും. എന്നാല്‍ രാജ്യസഭയില്‍ ചിലര്‍ ജാര്ഖണ്ഡിനെആള്ക്കൂട്ട ആക്രമണങ്ങളുടെ കേന്ദ്രമെന്ന് വിളിക്കുന്നുണ്ട്. ഇത് ശരിയണോ? എന്തുകൊണ്ടാണ് ആ സംസ്ഥാനത്തെ ഇങ്ങനെ അപമാനിക്കുന്നത്. ഒരു സംസ്ഥാനത്തെ ആള്‍ക്കൂട്ട ആക്രമണങ്ങളുടെ കേന്ദ്രമെന്ന് വിളിച്ച് അപമാനിക്കുന്നത് അനീതിയാണെന്നും മോദി പറഞ്ഞു.
ജാര്‍ഖണ്ഡിലെ ആള്‍ക്കൂട്ട ആക്രമണത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മൗനം തുടരുന്നതിനെകോണ്ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിലുള്ള പ്രധാനമന്ത്രിയുടെ പ്രതികരണം.


