ന്യൂല്‍ഹി: പ്രളയ ദുരിതാശ്വാസത്തിലും, പുനരധിവാസത്തിലും സംസ്ഥാന സര്‍ക്കാര്‍ വീഴ്ച്ച വരുത്തിയതിനാല്‍ പ്രത്യേക ദൗത്യസംഘത്തെ കേന്ദ്രം അയയ്ക്കണമെന്ന് ഡീന്‍ കുര്യാക്കോസ് MP. ചട്ടം 377 അനുസരിച്ച് ലോക് സഭയില്‍ ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായ ജില്ലയാണ് ഇടുക്കി.എന്നാല്‍ അതിനനുസരിച്ചുള്ള പരിഹാരം നല്കാന് സംസ്ഥാന സര്‍ക്കാരിനായില്ല. നാശനഷ്ടങ്ങള്‍ വേണ്ട വിധത്തില്‍ കണക്കാക്കാന്‍ കഴിഞ്ഞിട്ടില്ല. രാഷ്ട്രീയ പക്ഷഭേദം വച്ചാണ് നഷ്ടപരിഹാര ആനുകൂല്യങ്ങള്‍ ഇപ്പോഴും വിതരണം ചെയ്യുന്നത്. ആയിരക്കണക്കിനാളുകളുടെ വീടും വസ്തുവകകളും നഷ്ടപ്പെട്ടിരിക്കുകയാണ്. ഭാഗികമായി തകര്‍ന്ന വീടുകളിലും,സംരക്ഷണഭിത്തികള്‍ നിര്‍മ്മിക്കാതെ സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിലും ആണ് ഇപ്പോഴും ആളുകള്‍ താമസിക്കുന്നത്.കര്‍ഷക ആത്മഹത്യ തടയാനായി ,പരിഹാരമാര്‍ഗ്ഗങ്ങള്‍ തൃപ്തികരമാക്കാനും സര്‍ക്കാരിനായിട്ടില്ല.
വീണ്ടുമൊരു മഴക്കാലം വാതിലില്‍ വന്ന് മുട്ടിയിട്ടും, വീണ്ടും നാശനഷ്ടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഉള്ള മുന്‍കരുതലുകള്‍ ഒന്നും എടുത്തിട്ടില്ല. അതു കൊണ്ട് കേന്ദ്രം അടിയന്തിരമായി ഇടപെടണമെന്നും, പ്രത്യേകമായി സ്ഥിതി വിവരങ്ങള്‍ വിലയിരുത്തി നാശനഷ്ടങ്ങള്‍ കണക്കാക്കുന്നതിനായി, പ്രത്യേക ദൗത്യസേനയെ അയച്ച് പ്രളയത്തിലും, പ്രകൃതിദുരന്തത്തിലും ഇരകളായവര്‍ക്ക് അര്‍ഹമായ നഷ്ട പരിഹാരം ഉറപ്പാക്കണമെന്നും ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.