കാഞ്ചീപുരം: തമിഴ്നാട്ടിലെ കാഞ്ചീപുരത്തിനടുത്തുള്ള നെമിലിയിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് ആറ് പേർ മരിച്ചു. ഒരു സ്വകാര്യ അപ്പാർട്മെന്റിലെ സെപ്റ്റിക് ടാങ്കിലിറങ്ങിയവരാണ് മരിച്ചത്. മരിച്ചവരിൽ മൂന്ന് പേർ ഒരേ കുടുംബത്തിലുള്ളവരാണ്.

ഇവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറ് പേരും സെപ്റ്റിക് ടാങ്കിലിറങ്ങി വിഷവാതകം ശ്വസിച്ചാണ് മരിച്ചിരിക്കുന്നത്. സംഭവത്തിൽ വലിയ പ്രതിഷേധമാണ് തമിഴ്നാട്ടിൽ ഉയരുന്നത്.
പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങി. ആരാണ് ഇവരെക്കൊണ്ട് ഇത്തരം നിരോധിത ജോലികൾ ചെയ്യിച്ചതെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
2018 സെപ്റ്റംബറിൽ തമിഴ്നാട്ടിലെ ഹൊസൂരിൽ സമാനമായ രീതിയിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ രണ്ട് പേർ ശ്വാസം മുട്ടി മരിച്ചിരുന്നു.
മനുഷ്യരെ ഉപയോഗിച്ച് മലടാങ്ക് വൃത്തിയാക്കിപ്പിക്കുന്നത് രാജ്യത്ത് നിരോധിച്ചതാണ്. എന്നിട്ടും തമിഴ്നാട് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ മനുഷ്യരെക്കൊണ്ട് ഇത്തരം ശുചീകരണപ്രവൃത്തികൾ ചെയ്യിക്കുന്നത് വളരെ വ്യാപകമാണ്. പല തവണ ഇത്തരം ദുരന്തങ്ങൾ സംസ്ഥാനത്ത് ആവർത്തിച്ചിട്ടും ഇത് തടയാൻ സർക്കാർ ഒരു നടപടികളും എടുക്കാറില്ല. ജാതിവ്യവസ്ഥ വളരെ ശക്തമായ തമിഴ്നാട്ടിലെ ഉൾഗ്രാമങ്ങളിൽ ദളിത് സമുദായങ്ങളിൽപ്പെട്ടവരെക്കൊണ്ടാണ് ഇത്തരം ജോലികൾ ചെയ്യിക്കുന്നത്.


