ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി. സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ ഡല്‍ഹിയില്‍ പോലീസ് വിന്യാസം വര്‍ധിപ്പിച്ചു. കലാപവുമായി ബന്ധപ്പെട്ട 18 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും 106 പേര് അറസ്റ്റിലായതായും ഡല്‍ഹി പോലീസ് അറിയിച്ചു.
അതേസമയം, പരിക്കേറ്റവരില്‍ നിരവധി പേരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനാണ് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൊല്ലപ്പെട്ടവരില്‍ ഒന്‍പത് പേര് വെടിയേറ്റാണ് മരിച്ചതെന്നാണ് വിവരം. ഇതിനിടെ ഡല്‍ഹി ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കലാപ മേഖലകള്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം കലാപ പ്രദേശങ്ങളിലുണ്ടായിരുന്ന നാമമാത്ര പോലീസുകാരെ നോക്കുകുത്തിയാക്കിയാണ് കലാപകാരികള്‍ തെരുവില്‍ അഴിഞ്ഞാടിയത്. 60 ഓളം പോലീസുകാര്‍ ഉള്‍പ്പടെ 250 ഓളം പേര് ഇപ്പോഴും ഡല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്.