ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ രാജ്യതലസ്ഥാനത്തെ കലാപ മേഖലകള്‍ സന്ദര്‍ശിച്ചു. മൗജ്പുര്, സീലംപുര്‍, ജഫ്രാബാദ് എന്നീ പ്രദേശങ്ങളാണ് അദ്ദേഹം സന്ദര്‍ശിച്ചത്. ഡല്‍ഹി ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലായിരുന്നു സന്ദര്‍ശനം. സ്ഥിതിഗതികള്‍ പൂര്‍ണമായും നിയന്ത്രണത്തിലാണെന്ന് ഡോവല്‍ പറഞ്ഞു.
നിലവില്‍ ഇവിടെ സമാധാന ശ്രമങ്ങള്‍ വിജയകരമായാണ് നടക്കുന്നതെന്നും ജനങ്ങള്‍ സംതൃപ്തരാണെന്നും പറഞ്ഞ ഡോവല്‍ പോലീസ് അവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ടെന്നും വ്യക്തമാക്കി. കലാപബാധിത പ്രദേശങ്ങളിലെത്തി ഡോവലിനോട് അവിടുത്തെ ജനങ്ങള്‍ തങ്ങള്‍ അനുഭവിച്ച ദുരിതങ്ങളേക്കുറിച്ച് വിവരിച്ചു. ഈ സ്ഥലങ്ങളില്‍ ജീവിക്കാന്‍ ഭയമാണെന്നും അവര്‍ ഡോവലിനോട് പറഞ്ഞു.
ജനങ്ങള്‍ പോലീസിന്റെ കഴിവിനെ സംശയിക്കേണ്ടതില്ലെന്നും എല്ലാം നിയന്ത്രണത്തിലാക്കാന്‍ പോലീസിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാം സമാധാനപരമായി പരിഹരിക്കാമെന്നായിരുന്നു ഡോവലിന്റെ മറുപടി. നേരത്തെ, ഡല്‍ഹിയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ പൂര്‍ണ ചുമതല ഡോവലിന് നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായിക്കൂടിയാണ് അദ്ദേഹം കലാപമേഖലകളിലേക്ക് എത്തിയത്.
അതേസമയം, ഇവിടങ്ങളിലേക്ക് എത്തുന്നതിനു മുന്നേ അദ്ദേഹം സുരക്ഷാ ഉദ്യോഗസ്ഥരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.


