ഭോപാൽ∙ ട്രെയിനിൽ നിന്നു വീണ് ഗുരുതരമായി പരുക്കേറ്റ യാത്രക്കാരനെയും ചുമലിലേറ്റി ഒന്നരക്കിലോമീറ്റർ ഓടി വാഹനത്തിൽ എത്തിച്ച പൊലീസ് കോൺസ്റ്റബിൾ പൂനം ചന്ദ്ര ബില്ലോറിനെത്തേടി അഭിനന്ദനപ്രവാഹം. പൂനത്തിന്റെ ഓട്ടം സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. പൂനത്തെ ആദരിക്കാൻ മധ്യപ്രദേശ് ഡിജിപി ഉത്തരവിട്ടു.

മുംബൈയിൽ നിന്നുള്ള ഭഗൽപുർ എക്സ്പ്രസിൽ നിന്ന് ഒരാൾ പാളത്തിലേക്കു വീണതായ സന്ദേശം ശനിയാഴ്ച രാവിലെയാണ് ഭോപാൽ പൊലീസ് കൺട്രോൾ റൂമിലേക്ക് എത്തുന്നത്. അറിയിപ്പു ലഭിച്ചതിനെത്തുടർന്ന് പൂനവും ഡ്രൈവറും സംഭവസ്ഥലത്തേക്ക് കുതിച്ചു.
പക്ഷേ വാഹനം എത്തിക്കാൻ നിർവാഹമില്ലായിരുന്നു. തുടർന്ന് പാളത്തിൽ രക്തം വാർന്നു കിടക്കുന്ന യാത്രക്കാരനെ ചുമലിലേറ്റി വാഹനത്തിലെത്തിക്കുകയായിരുന്നു.
ഇയാൾ അപകടനില തരണം ചെയ്തിട്ടുണ്ട്. തന്നിൽ അർപ്പിതമായ ജോലി മാത്രമാണു ചെയ്തതെന്നു പൂനം മാധ്യമങ്ങളോട് പറഞ്ഞു.


