കുർണൂൽ: ആന്ധ്രാ പ്രദേശിലെ കുർണൂലിൽ ബസിന് തീപിടിച്ചുണ്ടായ അപകടത്തിൽ വിശദമായ അന്വേഷണം തുടർന്ന് പോലീസ്. യാത്രക്കാരെ രക്ഷിക്കാതെ അപകടസ്ഥലത്ത് നിന്നും ബസിലെ ഒരു ഡ്രൈവർ ഓടിരക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. അപകടസമയത്ത് പൊട്ടിത്തെറിച്ച ബസിനുള്ളിൽ 234 സ്മാർട്ട്ഫോണുകൾ ഉണ്ടായിരുന്നു എന്നതാണ് പുതിയതായി പുറത്തുവരുന്ന വിവരം. ഈ ഫോണുകളുടെ ബാറ്ററികൾ പൊട്ടിത്തെറിച്ചതാണ് തീയുടെ തീവ്രതക്ക് കാരണമായതെന്ന് ഫോറൻസിക് വിദഗ്ധർ ചൂണ്ടികാണിക്കുന്നു. അപകടത്തിൽ 20 പേർ മരണപ്പെട്ടു.
ബസിലെ മറ്റൊരു മറ്റൊരു ഡ്രൈവറാണ് യാത്രക്കാരെ പുറത്തിറക്കാൻ സഹായിച്ചത്. ബസിൻ്റെ ചില്ലുകൾ പൊട്ടിച്ച് യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. ഹൈദരാബാദിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന എസി സ്ലീപ്പർ ബസ് ഹൈദരാബാദ് – ബെംഗളൂരു ദേശീയപാതയിൽ വെള്ളിയാഴ്ച പുലർച്ചെയാണ് അപകടത്തിൽപ്പെട്ടത്. നിരവധി പേർക്ക് ജീവൻ നഷ്ടമാകുകയും ഡസൻ കണക്കിനാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.


