ഗംഗാ നദിയില്‍ മുങ്ങിയാല്‍ താങ്കള്‍ ചെയ്ത പാപങ്ങള്‍ തീരുമോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ബി.എസ്.പി നേതാവ് മായാവതി. കുംഭമേളയില്‍ പങ്കെടുക്കാനായി മോദി പ്രയാഗ് രാജിലെത്തിയതിന് പിന്നാലെയാണ് മായാവതി ട്വിറ്ററില്‍ ഈ ചോദ്യം ഉന്നയിച്ചത്.

പ്രയാഗ് രാജിലെത്തിയ മോദി ഗംഗ, യമുന, സരസ്വതി എന്നീ നദികളുടെ സംഗമസ്ഥാനത്ത് മുങ്ങിക്കുളിച്ചിരുന്നു. സഹീ സ്നാന് എന്നറിയപ്പെടുന്ന ഈ ആചാരത്തിലൂടെ ജീവിതകാലം മുഴുവന്‍ ചെയ്ത പാപം കഴുകി കളയാമെന്നാണ് വിശ്വാസം. എന്നാല്‍ ഇങ്ങനെ മുങ്ങിക്കുളിച്ചതുകൊണ്ടു മാത്രം മോദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാന ലംഘനം, വഞ്ചന ഉള്‍പ്പെടെയുള്ള പാപങ്ങള്‍ തീരുമോയെന്നാണ് മായാവതിയുടെ ചോദ്യം.

