ഭോപാല്‍: മധ്യപ്രദേശിലെ ചിത്രകൂടില്‍ സ്കൂള്‍ ബസ് തടഞ്ഞുനിര്‍ത്തി തോക്കു ചൂണ്ടി തട്ടിക്കൊണ്ടുപോയ ഇരട്ടക്കുട്ടികളെ മോചനദ്രവ്യം നല്‍കിയിട്ടും വധിച്ചു. മൃതദേഹങ്ങള്‍ 12 ദിവസത്തിനുശേഷം ഉത്തര്‍പ്രദേശില്‍ യമുന നദിയില്‍ നിന്നു കണ്ടെത്തി. ഔഷധ എണ്ണ വ്യാപാരിയായ ബ്രിജേഷ് റാവത്തിന്റെ യുകെജി വിദ്യാര്‍ഥികളായ മക്കള്‍ ശ്രേയന്‍ശ്, പ്രിയന്‍ശ് (6) എന്നിവരാണു കൊല്ലപ്പെട്ടത്. സംഭവത്തിന്റെ പ്രധാന സൂത്രധാരന്‍ എന്നു കരുതുന്ന, കുട്ടികളുടെ ട്യൂഷന് അധ്യാപകന് ഉള്‍പ്പെടെ 6 പേര് അറസ്റ്റിലായി. കൊലപാതകവിവരമറിഞ്ഞ് അക്രമാസക്തരായ ജനക്കൂട്ടം കുട്ടികള്‍ പഠിച്ചിരുന്ന സത്ഗുരു പബ്ലിക് സ്കൂളും നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളും ആക്രമിച്ചു.

മധ്യപ്രദേശ് പൊലീസ് ആറു പ്രതികളെ പിടികൂടി. ബജ്റംഗദള്‍ പ്രാദേശിക നേതാവായ വിഷ്ണുകാന്ത് ശുക്ലയാണ് സൂത്രധാരനെന്ന് ഐ.ജി ചഞ്ചല്‍ ശേഖര്‍ പറഞ്ഞു. വിഷ്ണുകാന്ത് ശുക്ല കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തിട്ടില്ലെന്നും ഇയാളുടെ സഹോദരന് പദം ശുക്ലയാണ് മുഖ്യപ്രതിയെന്നും പൊലീസ് പറഞ്ഞു. പ്രതികള്‍ ഉപയോഗിച്ചിരുന്ന വാഹനങ്ങള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രാമ രാജ്യം എന്ന് നമ്ബര്‍ പ്ലേറ്റില്‍ എഴുതിയ ബൈക്കുകളും ബി.ജെ.പിയുടെ പതാക വഹിക്കുന്ന ഒരു കാറും പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ 12 ന് ഉച്ചയ്ക്കാണ് സ്കൂളിനു സമീപത്തു നിന്നു മുഖംമൂടി ധരിച്ച് ബൈക്കില്‍ എത്തിയ രണ്ടുപേര്‍ തോക്കുചൂണ്ടി സ്കൂള്‍ ബസില്‍ നിന്നു കുട്ടികളെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. പിന്നീട് ബ്രിജേഷിന്റെ ഫോണില്‍ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടു. ചിത്രകൂട്, മധ്യപ്രദേശ്-യുപി അതിര്‍ത്തിയിലായതിനാല്‍ ഇരു സംസ്ഥാനങ്ങളിലെയും പൊലീസ് സംയുക്താന്വേഷണമാണു നടത്തിയത്. വിവരം നല്‍കുന്നവര്‍ക്ക് മധ്യപ്രദേശ് പൊലീസ് 50,000 രൂപ പ്രതിഫലവും വാഗ്ദാനം ചെയ്തിരുന്നു. ഇതിനിടെ 19 ന് ബ്രിജേഷ് മോചനദ്രവ്യമായി 20 ലക്ഷം രൂപ അക്രമികള്‍ക്കു കൈമാറി. എന്നാല്‍ ഒരു കോടി വേണമെന്ന പുതിയ ആവശ്യം മുന്നോട്ടു വച്ചതല്ലാത്തെ കുട്ടികളെ വിട്ടുനല്‍കിയില്ല. പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട് 4 പേര് പിടിയിലായി. ഇവരില്‍ നിന്നു ലഭിച്ച വിവരം അനുസരിച്ചു പുഴയില്‍ തിരച്ചില്‍ നടത്തിയപ്പോഴാണു മൃതദേഹങ്ങള്‍ ലഭിച്ചത്.


