ചെന്നൈ: തമിഴ്നാട്ടിൽ ഹിന്ദിക്ക് അന്നും ഇന്നും എന്നും സ്ഥാനമില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. മുൻകാലങ്ങളിൽ ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളിൽ ജീവൻ ബലിയർപ്പിച്ച സംസ്ഥാനത്തെ ‘ഭാഷാ രക്തസാക്ഷികളെ’ അദേഹം ആദരിച്ചു. 1964-65 കാലഘട്ടത്തിൽ തമിഴ്നാട്ടിലുടനീളമുള്ള ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിനിടെ ജീവൻ ബലിയർപ്പിച്ചവരെയാണ് ഭാഷാ രക്തസാക്ഷികൾ എന്ന് വിശേഷിപ്പിക്കുന്നത്. 1965ലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭ ചരിത്രത്തിന്റെ ഒരു ഹ്രസ്വ വീഡിയോയും സ്റ്റാലിൻ തന്റെ എക്സ് അക്കൗണ്ടിൽ പങ്കുവെച്ചു.
‘സ്വന്തം ഭാഷയെ വളരെയധികം സ്നേഹിക്കുന്ന ഒരു സംസ്ഥാനം ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ ഒരുമിച്ച് പോരാടി. ഓരോ തവണയും ഒരേ ശക്തിയോടെയാണ് അവർ പോരാടിയത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ വിവിധ ഭാഷാ ദേശീയതകളുടെ അവകാശങ്ങളും സ്വത്വവും അവർ സംരക്ഷിച്ചു.’ സ്റ്റാലിൻ കുറിച്ചു. ‘തമിഴിനുവേണ്ടി ജീവൻ ബലിയർപ്പിച്ച രക്തസാക്ഷികൾക്ക് ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഭാഷാ യുദ്ധത്തിൽ ഇനി ഒരു ജീവൻ പോലും നഷ്ടപ്പെടില്ല, നമ്മുടെ തമിഴ് ബോധവും മരിക്കില്ല. ഹിന്ദി അടിച്ചേൽപ്പിക്കലിനെ നമുക്ക് എപ്പോഴും എതിർക്കാം.’ അദ്ദേഹം കൂട്ടിച്ചേർത്തു.
NEP 2020 വഴി കേന്ദ്ര സർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരായി ശക്തമായ പ്രതിരോധമാണ് ഡിഎംകെ സർക്കാർ നയിക്കുന്നത്. തമിഴ്നാട്ടിൽ ഇപ്പോഴും തമിഴും ഇംഗ്ലീഷും മാത്രമുള്ള ദ്വിഭാഷാ ഫോർമുലയാണ് പിന്തുടരുന്നത്. 20-ാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ ദക്ഷിണേന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിൽ ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങൾ ശക്തമാണ്. ഹിന്ദിയുടെ ഔദ്യോഗിക പദവി സംബന്ധിച്ച് തമിഴ്നാട്ടിൽ നിരവധി ബഹുജന പ്രതിഷേധങ്ങൾ വിദ്യാർഥികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വത്തിൽ നടന്നിട്ടുണ്ട്. 1937ൽ സി.രാജഗോപാലാചാരിയുടെ നേതൃത്വത്തിലുള്ള ഒന്നാം ഇന്ത്യൻ നാഷണൽ കോൺഗ്രസ് സർക്കാർ മദ്രാസ് പ്രസിഡൻസിയിലെ സ്കൂളുകളിൽ ഹിന്ദി നിർബന്ധിതമായി പഠിപ്പിക്കുന്നതിൽ പ്രതിഷേധിച്ചാണ് ആദ്യത്തെ ഹിന്ദി വിരുദ്ധ പ്രക്ഷോഭം ആരംഭിച്ചത്.


