നാഗ്പുര്‍: മതത്തെ രാഷ്ട്രീയവുമായി ചേര്‍ത്ത് ബിജെപിക്കൊപ്പം ചേര്‍ന്നത് തെറ്റായി പോയെന്ന് ഏറ്റ് പറഞ്ഞ് ശിവസേന. കഴിഞ്ഞയാഴ്ച മഹാരാഷ്ട്ര നിയമസഭ സമ്മേളനത്തിലായിരുന്നു പറ്റിയ തെറ്റിനെ കുറിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ദവ് താക്കറെ തുറന്നുപറഞ്ഞ്. ദേവേന്ദ്ര ഫഡ്നവിസ് ജനവിധിയെ കുറിച്ച് സംസാരിക്കുന്നു. പക്ഷെ ഇത് രാഷ്ട്രീയമാണ്. രാഷ്ട്രീയത്തെയും മതത്തെയും കൂട്ടിക്കുഴക്കുന്നത് തെറ്റാണ്. ധര്മ്മിഷ്ടരും ചൂതുകളിയില്‍ തോറ്റുവെന്നത് നമ്മള് മറന്നുവെന്ന് മഹാഭാരത കഥയെ ഉദ്ധരിച്ചു കൊണ്ട് ഉദ്ധവ് താക്കറെ പറഞ്ഞു.
രാഷ്ട്രീയമെന്നത് ചൂതുകളിയാണ്. പക്ഷെ അതിനെ അതിന്റേതായ സ്ഥാനത്ത് നിര്‍ത്തണം.എന്നാല്‍ നമ്മളത് മറന്നു. നമ്മള് 25 വര്‍ഷത്തോളം ഒരുമിച്ച് നിന്നു. ഹിന്ദുത്വയുടെ അടിസ്ഥാനത്തിലായിരുന്നു നമ്മള് ഒന്നിച്ചു നിന്നത്. ഞങ്ങള്‍ മതം മാറിയിട്ടില്ല. ഇന്നും ഇന്നലെയും എന്നും ഞങ്ങള്‍ ഹിന്ദുക്കളാണ്. പക്ഷെ നിങ്ങളോ. നിങ്ങള്‍ എതിര്‍പക്ഷത്തുള്ള മമത ബാനര്‍ജിയുമായും രാംവിലാസ് പസ്വാനുമായും പിഡിപിയുമായി വരെ സഖ്യത്തിലേര്‍പ്പെട്ടു. ധര്മ്മമെന്നത് പറയാന്‍ മാത്രമുള്ളതല്ല. പിന്തുടരാന് കൂടിയുള്ളതാണ്. മതമെന്നത് പുസ്തകത്തില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും നിലനില്ക്കണമെന്നും ബിജെപിയെ കുറ്റപ്പെടുത്തി കൊണ്ട് ഉദ്ധവ് താക്കറെ പറഞ്ഞു.
തങ്ങളുടെ സര്‍ക്കാര്‍ റിക്ഷയില്‍ സഞ്ചരിക്കുന്നവര്‍ക്കൊപ്പമാണ് അല്ലാതെ ബുള്ളറ്റ് ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ക്കുള്ളത് മാത്രമല്ലെന്നും ഫഡ്നാവിസിനെ പരിഹസിച്ച് താക്കറെ പറഞ്ഞു. മഹാരാഷ്ട്രയില്‍ ജപ്പാന് സഹായത്തോടെ കൊണ്ടുവരാനിരുന്ന ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ ചവറ്റുകൊട്ടയിലേക്ക് എറിയുകയും ചെയ്തു ഉദ്ധവ് താക്കറെ. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വപ്ന പദ്ധതിയായിരുന്നു ബുള്ളറ്റ് ട്രെയിന്‍ പദ്ധതി.


